മാംസാഹാര പ്രിയര്‍ ഏറെയുള്ള കേരളത്തില്‍ പോത്തിറച്ചിക്കും എരുമപ്പാലിനുമുള്ള വിപണി മുതലാക്കാന്‍ കര്‍ഷകരും യുവാക്കളും രംഗത്ത്. വിദേശത്തും ഇറച്ചിക്ക് വിപണി സാധ്യതകളേറെയാണെന്നുള്ളത് ഏറെ പ്രതീക്ഷ നല്‍ക്കുന്നു. പോത്ത് കൃഷി നഷ്ടമാവില്ലെന്ന കാഴ്ചപ്പാടാണ് കര്‍ഷകരേയും യുവാക്കളേയും ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നത്. ഇതര തൊഴിലുകളില്‍ കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ പോത്തുവളര്‍ത്തലാണ് കൂടുതല്‍ അനുയോജ്യമെന്ന് അവര്‍ കരുതുന്നു.
വിവിധ വര്‍ഗ്ഗത്തില്‍പ്പെട്ട പോത്തുകള്‍ക്കായി കര്‍ഷകര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. പെട്ടന്ന് തൂക്കം വര്‍ദ്ധിക്കുന്ന ഇനത്തില്‍പ്പെട്ടവയോടാണ് കര്‍ഷകര്‍ക്ക് പ്രിയം. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന, ജാഫ്രാബാദി തുടങ്ങി മികച്ച എരുമ ജനുസ്സുകളാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്.
ആറുമാസം പ്രായമായ കന്നുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതമെന്നാണ് അഭിപ്രായം. 50 60 കിലോഗ്രം ഭാരം ഉള്ളവയാണ് വളര്‍ത്താന്‍ അനുയോജ്യം. നാടന്‍ ഇനത്തിലുള്ളവക്ക് ശരീര ഭാരം കുറവാണ്. അതു കൊണ്ട് പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്ന മുറെയെയാണ് കൃഷിക്കാര്‍ തെരഞ്ഞെടുക്കുന്നത്. വളര്‍ച്ചയെത്തിയ മുറൈ എരുമക്കും പോത്തിന്നും ഏഴു ക്വിന്റലോളം തൂക്കമുണ്ടാകും. കേരളത്തിലെ കാലാവസ്ഥയുമായി ഇവ ഇണങ്ങി ചേരുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് ഇവയ്‌ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തില്‍ പോത്തിറച്ചി കിലോയ്‌ക്ക് 300 രൂപയാണ് മാര്‍ക്കറ്റ് വില. 85 രുപ നിരക്കിലാണ് പോത്തുകുട്ടികളെ വാങ്ങുന്നത്. 100 കിലോ തൂക്കമുള്ള പോത്തിന് 9000 രൂപയാണ് വില. ഒന്നര വര്‍ഷം കൊണ്ട് ഇവയുടെ തൂക്കം അഞ്ച് ക്വിന്റല്‍ വരെയാകുമെന്നാണ് കണക്ക്.
ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറിയതോടെ കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് മുറെ എരുമ വര്‍ഗ്ഗം. പാലും, മാംസവും ലഭിക്കും എന്നതിനാലാണ് ഈ ഇനത്തിന് ആവശ്യക്കാരേറിയത്. ഗുണമേന്മയേറിയ പാലിനും മാംസത്തിനും പുറമേ കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാം. ഉയര്‍ന്ന രോഗപ്രതിരോധശേഷി, പോഷാകാഹാരക്കുറവിലും ജീവിക്കാനുള്ള ശേഷി, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് ഇവയെല്ലാം മുറെയെ കര്‍ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.
ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറെയെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ ജാഫറബാദി കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരിയല്ല. ഭ്രാന്തിപ്പശുരോഗം പോലെയുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങള്‍ കുറവായതിനാല്‍ ജൈവ ഉല്‍പ്പന്നമെന്ന ഖ്യാതിയും നേടിയെടുക്കാന്‍ സാധിയ്‌ക്കും. വിദേശത്ത് നിന്ന് തൊഴില്‍ രഹിതരായെത്തുന്ന യുവാക്കളും പോത്ത് കൃഷിയില്‍ ആകൃഷ്ടരാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: