കോന്നി: പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്തയും വിസ്മൃതിയിലേക്ക്. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്പന്നങ്ങള് കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്.
വാഴക്കുല, കപ്പ, നാളികേരം തുടങ്ങി എല്ലാ കാര്‍ഷിക വിളകളും എത്തിച്ചേരുന്ന ഈ ചന്തയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വ്യാപാരികള്‍ എത്തി ഇവവാങ്ങി അവരുടെ സ്ഥലങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നത്.
പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു ചന്തയുടെ പ്രൗഡി.
അക്കാലത്ത് ഈ മാവിന്റെ മുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ കൊടികള്‍ കെട്ടാന്‍ ഇവര്മല്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയിലാണ് വാശി കൂടുന്നത്. മാവ് നശിച്ചതോടെ തൊട്ടരികില്‍ വളര്‍ന്നു വന്ന ആല്‍മരം ചന്തയ്ക്ക് തണലായി. ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും ആല്‍മരം തലയുയര്‍ത്തി ഇന്നും നില്ക്കുന്നു.
പണ്ടുകാലത്ത് പയ്യനാമണ്‍, ചെങ്ങറ, എലിമുള്ളും പ്ലാക്കല്‍, തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്,ചിറ്റാര്‍, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ കാര്‍ഷിക വിളകകള്‍ തലച്ചുമടായും, കാളവണ്ടികളിലുമായി രാമപുരം ചന്തയില്‍ എത്തിച്ചിരുന്നു. കറന്‍സി രഹിത വിനിമയം ആക്കാലത്തും നടന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അവയുടെ മൂല്യം അനുസരിച്ച് പരസ്പരം കൈമാറുകവഴി വലിയ കൂട്ടായ്മ കര്‍ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. വ്യാപാരത്തിനും അപ്പുറം എല്ലാവര്ക്കും ഒത്തുചേരാനും ആശയങ്ങള്‍ പങ്ക് വെയ്ക്കാനും പരസ്പര ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുമുള്ള കേന്ദ്രമായും രാമപുരംചന്ത മാറുകയായിരുന്നു.
കാളവണ്ടികളെ മാത്രം ആശ്രയിച്ചായിരുന്നു തുടക്കത്തില്‍ കാര്‍ഷിക വിളകള്‍ എത്തിച്ചിരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ചന്ത. കുടിയേറ്റ കര്‍ഷകര്‍ അധിവസിക്കുന്ന തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് ഗ്രാമപഞ്ചായത്തിലുള്ളവര്‍ കോന്നി ഗ്രാമപഞ്ചായത്തിലെ രാമപുരംചന്തയെ തങ്ങളുടെ കാര്‍ഷിക വിളകളുടെ പ്രധാന വിപണന കേന്ദ്രമായി കണ്ടിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോയിരുന്നു.
കാലം മാറിയതോടെ ഗതാഗത, വാഹന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും കോന്നി നാരായണപുരം ചന്തയടക്കം സമീപ പ്രദേശങ്ങളില്‍ ചന്തകള്‍ ആരംഭിക്കുകയും ചെയ്തതോടെ രാമപുരം ചന്തയുടെ പ്രതാപം മങ്ങി തുടങ്ങിയെങ്കിലും ചന്തമുടങ്ങാതെ നടന്നിരുന്നു. ഒടുവില്‍ പച്ചക്കറി വ്യാപാരികളും, മല്‍സ്യ വ്യാപാരികളുമായി ചന്ത ഒതുങ്ങി. തറവാടകയ്ക്ക് ഷെഡ് നിര്‍മിച്ച് രണ്ട് മല്‍സ്യവ്യാപാരികള്‍ മാത്രമാണ് ഇവിടെ കച്ചവടം നടത്തുന്നത്.
പുലര്‍ച്ചെ നാലു മുതല്‍ ആറ് വരെയാണ് ഇവരുടെ കച്ചവടം. വിപണിയിലെക്കാള്‍ വിലകുറച്ച് മല്‍സ്യം ലഭിക്കുന്നതുമൂലം അതിരാവിലെ പോലും നിരവധിയാളുകള്‍ ഇവിടെയെത്തി മല്‍സ്യം വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഇതാണ് രാമപുരം ചന്തയുടെ ഇപ്പോഴത്തെ അവസ്ഥ.
ചന്തയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോള്‍ കെട്ടിയടക്കപ്പെട്ടു. സ്ഥലം ഉടമസ്ഥര്‍ കുറെ ഭാഗത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുവികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതോടെ രാമപുരംചന്ത ഓര്‍മയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: