കോട്ടയം: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ 23 പേര്‍ പിടിയിലായി. ജില്ലയില്‍ പുലര്‍ച്ചേ 6 മുതല്‍ ഉച്ചക്കു 2 വരെ 106 റെയിഡുകള്‍ നടത്തി.
ബ്ലാങ്ക് ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, വസ്തുവിന്റെ ആധാരങ്ങള്‍, പണയത്തില്‍ പിടിച്ചിരുന്ന വാഹനങ്ങള്‍, വാഹനത്തിന്റെ രേഖകള്‍, മറ്റു രേഖകള്‍ തുടങ്ങിയവയും 197000 രൂപയുടെ കറന്‍സിയും പിടിച്ചെടുത്തു.ചങ്ങനാശ്ശേരിയില്‍ നാല് വീടുകളില്‍ പരിശോധന നടത്തി.ചങ്ങനാശ്ശേരി, ചിങ്ങവനം സ്റ്റേഷനുകളുടെ പരിധിയിലാണ് പരിശോധനകള്‍ നടന്നത് ചങ്ങനാശ്ശേരി കുരിശ്ശുംമൂട് ഐക്കരത്താഴെ രാധാകൃഷ്ണന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടത്തു.
രേഖകളില്‍ നിന്നും ഇദ്ദേഹം അമിത പലിശയ്‌ക്ക് കൊടുത്തിരുന്നതായി തിരിച്ചറിഞ്ഞതായി ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.വിനോദ് പറഞ്ഞു.രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും 165 ബ്ലാങ്ക് ചെക്ക്, 41 എഴുതിയ ചെക്ക്,47 ബ്ലാങ്ക് പ്രോമിസറി നോട്ട്, 38 മുദ്രപത്രം, 12 ആധാരങ്ങള്‍ എന്നിവ കണ്ടെടുത്തു.ഈ കണക്കുകള്‍ പ്രകാരം ഒരു കോടിക്കു മുകളില്‍ പണം കടം കൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എരുമേലി, മണിമല പഞ്ചായത്തുകളില്‍ നിന്നായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു .കറിക്കാട്ടൂര്‍ പൂവത്തോട്ടത്തില്‍ വീട്ടില്‍ കുട്ടപ്പന്‍ തോമസ് (67 ), മണിമല മൂലേപ്ലാവ് ഒഴുപ്പക്കാട്ട് വീട്ടില്‍ മുരളീധരന്‍ നായര്‍ (51), എരുമേലി കനകപ്പലം കാവാലം പുതുപറമ്പില്‍ വീട്ടില്‍ ഫിലിപ്പ് മാത്യു (60) എന്നിവരെയാണ് പിടികൂടിയത്. ഇവരെ കാഞ്ഞിരപ്പള്ളി കോടതി റിമാന്റ് ചെയ്തു. ഇവരില്‍ നിന്നും നിരവധി ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍, പണം കൈമാറിയ രേഖകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
















