ചങ്ങനാശ്ശേരി: ജനകീയ സമരത്തിന്റെയും, എം.പിമാരുടെ സമ്മര്‍ദ്ദ ശ്രമഫലമായും നിര്‍ത്തലാക്കിയ 8 ട്രെയിനുകള്‍ പുനഃരാരംഭിക്കാന്‍ ഉത്തരവിറക്കിയ റെയില്‍മന്ത്രിയുടെ നടപടിയെ ചങ്ങനാശ്ശേരി റെയില്‍വേ സമരസമിതിയോഗം സ്വാഗതം ചെയ്തു.
8 ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ ധര്‍ണ്ണയില്‍ പങ്കെടുത്ത സംഘടനകളെയും യോഗം അഭിനന്ദിച്ചു. സമരസമതി കണ്‍വീനര്‍ വി.ജെ.ലാലി അദ്ധ്യക്ഷനായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍, ബേബിച്ചന്‍ മുക്കാടന്‍, കുര്യന്‍ തൂമ്പുങ്കല്‍, വിനു ജോബ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഇ.ജെ. സജികുമാര്‍, ജി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊങ്കണ്‍ വഴി ഓടുന്ന ട്രെയിനുകള്‍ക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടുതലായി ആരംഭിക്കണമെന്നും, ആലപ്പൂഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ദീര്‍ഘിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















