പൊന്‍കുന്നം: കിണറ്റില്‍ വീണ രണ്ടുവയസുകാരനെ രക്ഷിക്കാന്‍ അമ്മ ചാടി. ഇരുവരേയും രക്ഷിച്ചത് അതുവഴിയെത്തിയ കാര്‍യാത്രികന്‍. ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്‌ക്കല്‍ താഴത്ത് ലിനോയുടെ ഭാര്യ ലിസ(30), മകന്‍ ലിയോണ്‍(രണ്ട്) എന്നിവരെയാണ് ചിറക്കടവ് പെരുമ്പള്ളില്‍ അനില്‍കുമാര്‍(46) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഭാര്യക്കൊപ്പം ഇതു വഴി പോകുമ്പോള്‍ കിണറിനു സമീപത്തേക്ക് ആളുകളോടിക്കൂടുന്നതു കണ്ടാണ് അനില്‍ കാര്‍ നിര്‍ത്തിയത്.
കുഞ്ഞിനെ കൈയിലേന്തി ലിസ വെള്ളത്തില്‍ പൊന്തി നിന്നപ്പോള്‍ അനില്‍ കിണറ്റിലേക്ക് കയര്‍വഴി ഊര്‍ന്നിറങ്ങുകയായിരുന്നു. കരയ്‌ക്കുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ ഇരുവരേയും കരയേറ്റി. നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയിലാക്കി. ഇരട്ടക്കുട്ടികളായ ലിയോണും ലിമോനും വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയായിരുന്നു അപകടം.
















