ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്‍വശത്ത് നീക്കം ചെയ്യാതെ മാലിന്യക്കൂമ്പാരം. ഇത് നീക്കം ചെയ്ത് സ്ഥലം ശുചീകരിക്കുന്നതിന് ആശുപത്രി അധികൃതരോ വികസനസമിതിയോ താല്‍പ്പര്യം കാണിക്കുന്നില്ല.
ഏറ്റവുമധികം ശുചിത്വം ഉറപ്പാക്കേണ്ട സ്ഥലമാണ് ഓപ്പറേഷന്‍ തിയേറ്ററും പരിസരങ്ങളും. പാദരക്ഷകള്‍ ഉപയോഗിക്കുവാന്‍ പോലും അനുവാദം നല്‍കാത്ത ഇവിടെ പഴകിയ ഉപകരണങ്ങളും കേടായ ട്യൂബ് ലൈറ്റുകളും പായ്‌ക്കിങ് കെയ്സുകളും തുടങ്ങി കുട്ടയും ഒടിഞ്ഞ കസേരകളുംവരെ കൂട്ടിയിട്ടിരിക്കുകയാണ്. കേടായ സ്‌ട്രെച്ചറുകള്‍, വീല്‍ച്ചെയറുകള്‍, ഒഴിഞ്ഞ പ്ലാസ്റ്റിക് ടിന്നുകള്‍ എന്നിവയും നിരന്നുകിടക്കുന്നു. ഏതോ യന്ത്രങ്ങളുടെ ഭാഗങ്ങളും വരാന്തയില്‍ നിരത്തിയിട്ടിട്ടുണ്ട്.
ഓപ്പറേഷന് ശേഷം രക്തംപുരണ്ട തുണികളും മറ്റും ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇതെല്ലാം യഥാസമയം നീക്കം ചെയ്യുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും നടക്കുന്നില്ല.
ലിഫ്റ്റ് കേടായിട്ട് 3 മാസം കഴിഞ്ഞു
ഓപ്പറേഷന്‍ തിയേറ്ററിലേക്ക് രോഗികളുമായും ഒൗഷധങ്ങളും, ഓക്‌സിജന്‍ സിലിണ്ടര്‍ മുതലായവ കൊണ്ടുവരുന്നതിനും പോകുന്നതിനുമായി രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം(3-ാം നമ്പര്‍ ലിഫ്റ്റ്)കേടായിട്ട് മൂന്ന് മാസത്തിലധികമായി. ഇത് നന്നാക്കുവാന്‍ ഇതുവരെ നടപടി ആയിട്ടില്ല. ഇതുമൂലം ഓപ്പറേഷന്‍ കഴിഞ്ഞ രോഗികളെയുംകൊണ്ട് സ്‌ട്രെക്ചറില്‍ വാര്‍ഡുകളിലെത്തിക്കുവാന്‍ കാലതാമസം നേരിടുന്നുണ്ട്. നവംബര്‍ മാസം മുതല്‍ പരിശോധനയുടെ പേരിലും മറ്റുമായി ആശുപത്രി വികസനസമിതി ഫീസ് നിരക്ക് നൂറും, നൂറ്റി അന്‍പതും ഇരട്ടിയാക്കിയിട്ടും ഇങ്ങനെയുള്ള അടിയന്തിര പ്രധാന്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വലിയവീഴ്ചയാണ് വരുത്തുന്നത്.
















