മീനങ്ങാടി: ഓഖി ദുരന്തത്തില്‍ പിണറായി സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മീനങ്ങാടിയില്‍ നടന്ന ബിജെപി ബത്തേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല. അക്കാരണത്താലാണ് ജനങ്ങളുടെ കനത്ത പ്രതിഷേധം അദ്ദേഹത്തിന് നേരിടേണ്ടിവന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിക്കും നരേന്ദ്രമോദിക്കും ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടിവരികയാണ്. ഗുജറാത്തില്‍ ജാതീയ ശക്തികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തിയ നാടകത്തിനെതിരെയാണ് ജനങ്ങള്‍ വിധി എഴുതിയത്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞു. ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പേര് പറഞ്ഞ് അഴിച്ചുവിട്ട കുപ്രചാരണങ്ങള്‍ ഭാരതീയര്‍ തള്ളിക്കളയുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. കേവലം ഒരുവര്‍ഷം പിണറായി ഭരിച്ചപ്പോള്തന്നെ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇരട്ടിയായി. ഇത് എവിടെയെത്തുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വനവാസികള്‍ക്ക് കാലങ്ങളായി കേന്ദ്രം നല്‍കിവരുന്ന കോടികണക്കിന് രൂപയുടെ ധനസഹായം വകമാറ്റി സ്വന്തം കീശയിലാക്കുന്ന ഇടത്-വലത് മുന്നണികളാണ് വനവാസികളുടെ ശാപമെന്ന് അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞതായി കെ സുരേന്ദ്രന് പറഞ്ഞു.
മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മീനങ്ങാടി കാവിക്കടലായിമാറി.
യോഗത്തില്‍ പി എം അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട് വി വി രാജന്, ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, പിസി മോഹനന്, സംസ്ഥാനസമിതിയംഗം കെ.സദാനന്ദന്, കെ.മോഹന്‍ദാസ്, പി ജി ആനന്ദ്കുമാര്‍, കെ പ്രേമാനന്ദന്, കെ.ബി മദന്‍ലാല്‍, അഡ്വ: പി സി ഗോപിനാഥ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: