തിരുന്നാവായ: തിരുന്നാവായ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ റീ-എക്കൗ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തി വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ബേര്‍ഡ്സ് അറ്റ്ലസ് നടത്തിയ പക്ഷി സര്‍വ്വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നവാമുകുന്ദ ക്ഷേത്രം സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദിന് നല്‍കിയാണ് പരിസ്ഥിതി പ്രവര്ത്തകന് മനോജ് കരിങ്ങമഠത്തില്‍ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചത്.
148 ലധികം ഇനം പക്ഷികള്‍ ഇടം നേടിയ പട്ടികയില്‍ ചെങ്കാലന്‍ പുള്ള്, മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങി അപൂര്‍വ്വ പക്ഷികളുടെ സാന്നിദ്ധ്യം പക്ഷി സംരക്ഷണ കേന്ദ്രത്തിലുണ്ട്. കേരളത്തിലെ മറ്റ് പക്ഷി സങ്കേതങ്ങളെ പോലെ ഒരേ സമയം ലഭ്യമാകുന്ന പക്ഷികളുടെ എണ്ണത്തോളം ഇനങ്ങള്‍ തിരുന്നാവായയില്‍ കാണപ്പെട്ടു. വനാന്തരങ്ങളിലും മറ്റും കാണപ്പെടുന്ന വിവിധയിനം പക്ഷികളും ദേശാടന പക്ഷികളും ഇവിടെയെത്തുന്നത് ജൈവ സമ്പത്ത് ലക്ഷ്യമാക്കിയാണ്.
ചൈന, മങ്കോളിയ, സൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെങ്കാലന്‍ പുള്ള് ഇടത്താവളമാക്കി ഇവിടം ഉപയോഗിക്കുന്നു. മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങിയവ തിരുന്നാവായയില്‍ സന്ദര്‍ശകരാണ്.
കഴിഞ്ഞ ആറ് മാസത്തോളമായി ഡോ. മുഹമ്മദ് സയീര്‍, ഡോ. ആദില്‍ നെഫര്, നസ്രുദ്ദീന്‍ പുറത്തൂര്‍, ശ്രീനില മഹേഷ്, നജീബ് പുളിക്കല്‍, എം. സാദിഖ് തിരുന്നാവായ, ലതിക കതിരൂര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ വൈസ് പ്രസിഡന്റ് ഫസലു പാമ്പലത്ത് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ ഗുരുക്കള്‍, സതീശന് കളിച്ചാത്ത്, സലീം തോട്ടായി, ഇ.എന്‍.കെ അലി, ചിറക്കല്‍ ഉമ്മര്‍, വി.കെ അബു മൗലവി, പി. യാഹുട്ടി, എം.പി.എ ലത്തീഫ്, സതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: