സോള്‍: ഉത്തരകൊറിയയില്‍നിന്നു ദക്ഷിണ കൊറിയയിലേക്കു വീണ്ടും സൈനികന്റെ രക്ഷപ്പെടല്‍ നീക്കം. ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈനിക നിരീക്ഷണം ഏറെയുള്ള മേഖലയിലൂടെയാണ് സൈനികന്‍ ദക്ഷിണ കൊറിയയിലേക്കു കടന്നത്. വിവരം ദക്ഷിണ കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ രാജ്യത്തേക്കു കടന്ന സൈനികനു നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും സൈനികനോടു കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞതായും ദക്ഷിണ കൊറിയ അറിയിച്ചു. ഇതിനു പുറമെ മീന്‍പിടിത്ത ബോട്ടില്‍ രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു ഉത്തര കൊറിയന്‍ പൗരന്മാരെ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അറിയിച്ചു. എന്നാല്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ ഉത്തര കൊറിയ തയ്യാറായിട്ടില്ല.
ഏകാധിപത്യ ഭരണം തുടരുന്ന ഉത്തര കൊറിയയില്‍ നിന്നും സൈനികന്‍ രക്ഷപ്പെട്ടത് ഉന്നിനെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ സൈനികന്‍ രക്ഷപ്പെട്ടത് കിം ജോംഗ് ഉന്നിന് ഏറെ തിരിച്ചടിയാണ്. ഒരു മാസത്തിനിടയില്‍ ദക്ഷിണ കൊറിയയിലേക്ക് രണ്ട് സൈനികരാണ് രക്ഷപ്പെട്ടത്.
















