ബാഴ്സലോണ: ഒക്ടോബര്‍ ഒന്നിലെ ഹിതപരിശോധനക്കുശേഷം കാറ്റലോണിയയില്‍ ഇന്ന് പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കും. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും.
സ്വയംഭരണം ആവശ്യപ്പെട്ട് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു.
കറ്റാലന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട് നയിക്കുന്ന സെന്റർ റൈറ്റ് ടുഗതര്‍ ഫോര്‍ കാറ്റലോണിയ, മുന്‍ വൈസ്പ്രസിഡന്റ് ഒരിയോല് ജാന്ക്വിറസ് നേതൃത്വം നല്കുന്ന സെന്റർ ലെഫ്റ്റ് കറ്റാലന്‍ റിപ്പബ്ലിക്കന്‍ ലെഫ്റ്റ്(ഇ.ആര്.സി), സോഷ്യലിസ്റ്റ് പാര്ര്ട്ടി ഒാഫ് കാറ്റലോണിയ, സെന്റർ ലെഫ്റ്റ് നാഷനല്‍ സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, തീവ്രവലതുപക്ഷമായ പീപ്ള്‍സ് പാര്‍ട്ടി ഒാഫ് കാറ്റലോണിയ എന്നിവയാണ് മത്സരരംഗത്തുള്ളത്.
പുജെമോണ്ട് ബ്രസല്സിലാണുള്ളത്. നവംബര്‍ രണ്ടുമുതല്‍ ജാന്ക്വിറസ് ജയിലിലാണ്.
















