ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതി അട്ടിമറിക്കാന്‍ ബാങ്കുകളുടെ നീക്കം, നഗരസഭ സംഘടിപ്പിച്ച ഭവനവായ്‌പാ അദാലത്തില്‍ പ്രതിഷേധം ഇരമ്പി. വായ്‌പ നിഷേധിക്കുന്ന ദേശസാല്‍കൃത ബാങ്കുകളുടെ നടപടിക്കെതിരെയാണ് ഗുണഭോക്താക്കളും ജനപ്രതിനിധികളും പ്രതിഷേധിച്ചത്.
പിഎംഎവൈ പദ്ധതിയില്‍ പെടുത്തി ഭവനനിര്‍മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ രേഖകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനായി സംഘടിപ്പിച്ച അദാലത്തിലാണ് ബാങ്ക് അധികാരികളുടെ നിലപാടിനെതിരെ പ്രതിഷേധം അണപൊട്ടിയത്. കേന്ദ്രസര്‍ക്കാര്‍ നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയിലെ അപേക്ഷകരെ ബാങ്കുകള്‍ ചുറ്റിക്കുന്നുവെന്നാണ് ആക്ഷേപം. അദാലത്തില്‍ 450 ല്‍പരം അപേക്ഷകരാണ് എത്തിയത്.
നൂറിലധികം പേര്‍ക്ക് നഗരസഭ എന്‍ഒസി നല്‍കിയിയിരുന്നു. 25 ഓളം ബാങ്കുകളെയാണ് കുറഞ്ഞപലിശ നിരക്കില്‍ വായ്‌പ നല്‍കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്.
ജനങ്ങളുടെയും ബാങ്ക് അധികാരികളുടെയും സൗകര്യമനുസരിച്ച് നഗരസഭയിലെ 35 വാര്‍ഡുകളും വിഭജിച്ചിരുന്നു. 16 ബാങ്കുളുടെ പ്രതിനിധികളും അപേക്ഷകരും അദാലത്തിലെത്തി. ബാക്കിയുളള ബാങ്കുകളുടെ പ്രതിനിധികള്‍ എത്താതിരുന്നതും യോഗത്തില്‍ സംബന്ധിച്ചവര്‍ വായ്‌പ നിഷേധിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചെന്നുമാണ് ജനപ്രതിധികളുടെ ആരോപണം.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വായ്‌പ നിഷേധിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഗുണഭോക്താക്കള്‍ ബാങ്കുകളില്‍ കയറയിറങ്ങി വലയുന്നതല്ലാതെ പ്രയോജനം ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിഷേധനിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിഷയം കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു.
















