മാനന്തവാടി: വയനാട് ജില്ലയിലെ കൃഷി ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ നടന്ന സാമ്പത്തിക തിരിമറി പുറത്തായതിനു പിന്നാലെ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വീസ് സെന്ററുകളും സംശയമുനയില്‍. ആത്മയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വീസ് സെന്ററുകളില്‍ വ്യാപക അഴിമതി നടക്കുന്നത്. 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടി അഗ്രോ സര്‍വീസ് സെന്ററില്‍ 35 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ആത്മ വഴിയാണ് ഈ കാര്‍ഷികോപകരണങ്ങള്‍ അഗ്രോ സര്‍വീസ് സെന്ററിനു ലഭിച്ചത്. കര്‍ഷകരില്‍നിന്നും മിതമായ നിരക്കില്‍ തുക ഈടാക്കി കാര്ഷികപ്രവര്ത്തനങ്ങ ള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയതെങ്കിലും ഇത് കര്‍ഷകര്‍ക്കോ അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ക്കോ പ്ര യോജനപ്പെട്ടില്ല.
ട്രാക്ടര്‍, ട്രില്ലര്‍, മിനി ട്രാക്ടര്‍, കാടുവെട്ടുയന്ത്രം, മെതിയന്ത്രം തുടങ്ങിയവ വാങ്ങിയെങ്കിലും ഇവയില്‍ പലതും എവിടെയാണെനന്നുപോലും കര്‍ഷകര്‍ക്കറിയില്ല. അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കൊയിലേരിയിലെ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. 2013 ഫിബ്രവരിയില്‍ ബത്തേരി കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തിലാണ് മാനന്തവാടി അഗ്രോ സര്‍വീസ് സെന്ററിന് തുടക്കമായത്. ടി പി വര്‍ഗീസ് പ്രസിഡന്റും ഷിബി തോമസ് സെക്രട്ടറിയുമാണ് അഗ്രോ സര്‍വീസ് സെന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ചു ഭരണസമിതിയംഗങ്ങള്ക്കുപുറമെ നാല് എക്സിക്യൂട്ടീവിനെയും സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്ന വേളയില്‍ തിരഞ്ഞെടുത്തിരുന്നു. ഭരണസമിതി എക്സിക്യുട്ടീവ് എന്നിവ ചേര്‍ന്ന് 15 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ആദിവാസി വിഭാഗത്തില്‍ പെട്ടവരെ കബളിപ്പിച്ച് അഴിമതി നടത്തിയെന്നാണ് ആരോപണം.
അംഗങ്ങളില്‍ ചിലര്‍ക്ക് യന്ത്രങ്ങളുടെ അറ്റകുറ്റ പണിയെടുക്കാനുള്ള പരിശീലനം നല്‍കിയിരുന്നു. തകരാറുവരുന്ന യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു പുറമെ ഇവര്‍ക്ക് ചെറിയ വരുമാനവും നല്‍കാനാണ് ഇത്തരമൊരു കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചത്. അംഗങ്ങളായവര്‍ക്ക് ജോലി വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പരിശീലനം നല്‍കിയവര്‍ക്ക് തൊഴിലോ യന്ത്രങ്ങ ള്‍ അറ്റകുറ്റപ്പണിയെടുക്കുന്നതിനുള്ള അവസരമോ ലഭിച്ചിട്ടില്ല. സര്‍വീസ് സെന്ററില്‍ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ മുമ്പ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കേവലം ഒരു യോഗം നടത്തിയതൊഴിച്ചാല്‍ പിന്നീട് ഒന്നുമുണ്ടായില്ലെന്ന് അംഗങ്ങള്‍ പറയുന്നു. യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാതെ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നെന്നാണ് അഗ്രോ സര്‍വീസ് സെന്ററിലെ അംഗങ്ങള്‍ പറയുന്നത്. അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയതുമുതല്‍ ഒരാള്‍ തന്നെയാണ് പ്രസിഡന്റ്. സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും അംഗങ്ങളായി തങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നല്കിയ പരാതിയിലും നടപടി ഒന്നുമുണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
അഗ്രോ സര്‍വീസ് സെന്ററിന് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളും മറ്റും പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും അംഗങ്ങള്‍ നല്കിയ പരാതിയിലുണ്ട്. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ 71.29 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ ധനകാര്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലാ ധനകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അഗ്രോ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് നടന്ന ക്രമകക്കേടുകള്‍ അന്വേഷിക്കാന്‍ ധനകാര്യ വകുപ്പ് തയ്യാറാവണമെന്ന് മാനന്തവാടി അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: