ഇവിടെ വീശുന്ന കാറ്റിന് പോലും രാമച്ചത്തിന്റെ സുഗന്ധമാണ്. ഇത് പാലപ്പെട്ടി. മലപ്പുറം-തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തിഗ്രാമം. ഔഷധം എന്ന നിലയിലും സുഗന്ധവസ്തു എന്ന നിലയിലും പ്രസിദ്ധമായ രാമച്ചമാണ് ഇവിടുത്തെ കൃഷി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാമച്ചം ഉത്പാദിപ്പിക്കുന്നതും ഇവിടെയാണ്. എന്നാല്‍ ആയിരക്കണക്കിന് ഏക്കര്‍ രാമച്ചം കൃഷി ചെയ്തിരുന്ന പാലപ്പെട്ടിക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
തെങ്ങുമാത്രം വളരുന്ന കടപ്പുറത്ത് രാമച്ചത്തിന്റെ ഗന്ധം പരത്താനുള്ള കര്‍ഷകരുടെ ശ്രമത്തിന് പിന്തുണ നല്‍കാതെ സര്‍ക്കാരടക്കം എല്ലാവരും ദൂരെ മാറി നില്‍ക്കുന്നു. വര്‍ഷങ്ങളായി ഈ കൃഷി നടത്തിയിരുന്ന തങ്ങള്‍ മരണം വരെ രാമച്ചത്തെ സ്‌നേഹിക്കുമെന്ന വാശിയോടെ നഷ്ടം സഹിച്ചും മുന്നോട്ട് പോവുകയാണിവിടത്തെ കര്‍ഷകര്‍.
പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തില്‍ മുന്‍നിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടിക്ക് രണ്ടുമീറ്ററോളം ഉയരമുണ്ടാകും.
മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്. ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിന് തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകള്‍, വിരികള്‍ തുടങ്ങിയവയുടേ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.
രാമച്ചക്കൃഷിയുടെ വിജയരഹസ്യം
മുപ്പത് വര്‍ഷത്തോളമായി രാമച്ചം കൃഷി ചെയ്യുന്നയാളാണ് പാലപ്പെട്ടി സ്വദേശി ചെറിയകത്ത് മുഹമ്മദ്. ഒഴിക്കുന്ന വെള്ളം അതേപടി താഴ്ന്നുപോകുന്ന മണലില്‍ ഇടതടവില്ലാതെ നന നല്‍കിയും ചാക്കു കണക്കിനു ജൈവവളം നല്‍കിയും രാമച്ചം കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിരീതികള്‍ ഒന്നു വേറെ തന്നെ.
രാമച്ചവിശറിയുടെ കാറ്റും രാമച്ചസുഗന്ധവും ആസ്വദിച്ചിട്ടുള്ളവര്‍പോലും പലപ്പോഴും ചുട്ടുപൊള്ളുന്ന മണലിനടിയില്‍ ഈ സുഗന്ധം വിളയിക്കുന്ന അദ്ധ്വാനം ശ്രദ്ധിക്കാറില്ല. കേടുകൂടാതെ രാമച്ചവേര് വിളവെടുക്കണമെങ്കില്‍ മണല്‍ത്തിട്ടകളില്‍ കൃഷി മാത്രമേ സാധിക്കൂവെന്നതാണ് തീരദേശത്തെ കൃഷിയുടെ വിജയരഹസ്യം. മികച്ച ആദായം നല്‍കാന്‍ കഴിയുന്ന വിളയാണ് രാമച്ചമെന്നാണ് മുഹമ്മദിന്റെ അഭിപ്രായം.
കാലാവസ്ഥ അനുകൂലമായാല്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഏകദേശം 6000 മുതല്‍ 8000 കിലോവരെ വിളവ് ലഭിക്കും. പക്ഷേ അതിനൊത്ത അദ്ധ്വാനവും മുതല്‍മുടക്കും ആവശ്യമാണ്. ഏഴ് ഏക്കര്‍ സ്ഥലത്ത് മുഹമ്മദ് ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്.
കൃഷിരീതി
മുറിച്ചുമാറ്റിയ രാമച്ചത്തിന്റെ ചുവടുഭാഗമാണ് നടീല്‍വസ്തു. ഓലകള്‍ മുറിച്ചുമാറ്റിയ കടകള്‍ ഒരു ദിവസം വെള്ളത്തിലിടുന്നു. ഈ കടകള്‍ പുറത്തെടുത്ത് വെള്ളം വാര്‍ന്നുപോകാനായി രണ്ടുദിവസം കൂട്ടിയിടുന്നു. ഇങ്ങനെയിടുമ്പോള്‍ കടകള്‍ക്ക് മുകളില്‍ ജൈവവസ്തുക്കള്‍കൊണ്ടു പുത നല്‍കണം.
മൂന്നാംദിവസം മുള വന്നു തുടങ്ങും. ഇത്തരം കടകളാണ് രാമച്ചത്തിന്റെ വിത്തായി കണക്കാക്കുന്നത്. മണല്‍ വരമ്പുകള്‍ അതിരിടുന്ന പാടത്ത് നാല് സെന്റിമീറ്റര്‍ അകലത്തില്‍ നടുന്ന കടകള്‍ ആദ്യ മൂന്നുദിവസം തുടര്‍ച്ചയായി നനയ്‌ക്കണം.
ഏതാനും ദിവസത്തിനുള്ളില്‍ മുള പൊട്ടി പുതിയ ചെടി രൂപംകൊള്ളും. ക്രമേണ ഇടവേളകളുടെ ദൈര്‍ഘ്യം കൂട്ടി ഒടുവില്‍ ആഴ്ചയില്‍ ഒരു നനയെന്ന ക്രമത്തിലെത്തും. ഒരു മാസം വളര്‍ച്ചയെത്തിയ രാമച്ചത്തിനു ചെറിയ തോതില്‍ ചാരം ചേര്‍ത്തു നല്‍കും.
മെയ് അവസാനം മഴയെത്തിയ ശേഷമാണ് വിപുലമായ വളപ്രയോഗം. പരമ്പരാഗത ശൈലിയിലാണ് കൃഷി. ഏക്കറിനു പത്ത് ചാക്ക് കടലപ്പിണ്ണാക്കും പത്ത് ചാക്ക് വേപ്പിന്‍ പിണ്ണാക്കും വേണ്ടിവരും.
വിളവെടുക്കുന്നതിനൊപ്പം വിളവിറക്കുകയും ചെയ്യേണ്ടിവരുന്ന ഈ വിളയ്‌ക്ക് കൂടുതല്‍ കൂലി ചെലവാകും. കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമുള്ള ജോലിയാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ജോലിക്കാരിലേറെയും. പ്രത്യേകം വീടെടുത്താണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
തീരത്തെ മണലില്‍ രാമച്ചം വളരാനാവശ്യമായ വെള്ളവും വളവും നല്‍കാനും നല്ല ചെലവുണ്ട്. നവംബര്‍-ഡിസംബര്‍ മാസത്തില്‍ വിളവെടുപ്പ് ആരംഭിക്കും. തൊഴിലാളിക്ഷാമം, ഉയര്‍ന്ന പാട്ടനിരക്ക് എന്നിവ മൂലം തീരദേശത്തെ രാമച്ചക്കൃഷി കുറഞ്ഞുവരികയാണ്. അതിനിടെ രാമച്ചക്കൃഷിയില്‍ ഉപയോഗിക്കുന്ന വളങ്ങള്‍ വിഷമാണെന്ന അസത്യപ്രചാരണവും തിരിച്ചടിയാകുന്നുണ്ട്.
സര്‍ക്കാരിന് ഇപ്പോഴും രാമച്ചം കൃഷിയല്ല
സര്‍ക്കാര്‍ ഇപ്പോഴും രാമച്ചം ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കൃഷിവകുപ്പില്‍ നിന്നടക്കം ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രോത്സാഹനക്കുറവ് കര്‍ഷകരെ നിരാശരാക്കുകയാണ്. ഔഷധമായും സുഗന്ധമായും മാത്രമല്ല കരകൗശലവസ്തുക്കളായും രാമച്ചം മാറുന്നു.
സുഗന്ധവും ഔഷധഗുണവും ഒത്തുചേരുന്നതിനാല്‍ രാമച്ച ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ത്വക്ക് രോഗങ്ങള്‍, ശരീരദുര്‍ഗന്ധം എന്നിവയ്‌ക്കു മരുന്നായി ഉപയോഗിക്കുന്ന രാമച്ചവേര് മറ്റ് ആയുര്‍വേദ മരുന്നുകള്‍ക്കും ആവശ്യമുള്ള ചേരുവയാണ്. ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔഷധവിളകളുടെ പട്ടികയില്‍ രാമച്ചം ഇല്ല. അതുകൊണ്ടു തന്നെ ഔഷധ സസ്യക്കൃഷിക്കുള്ള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ രാമച്ചം കൃഷി ചെയ്യുന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
വളരെയേറെ അധ്വാനവും മുതല്‍ മുടക്കും വേണ്ടിവരുന്ന ഈ കൃഷി അന്യം നിന്നുപോകാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാമച്ചക്കൃഷിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് രാമച്ച കര്‍ഷകരുടെ പ്രതിനിധിയായ മുഹമ്മദ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: