ചേര്‍ത്തല: പാര്‍ട്ടി രഹസ്യങ്ങള്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയ എഐവൈഎഫ് നേതാവിനെ പുറത്താക്കി. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ രഹസ്യ ചര്‍ച്ചകള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കു ചോര്‍ത്തിയ എഐവൈഎഫ് ജില്ലാ നേതാവിനെയാണ് യുവജന സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഇയാള്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്. ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റിയിലുള്‍പെട്ട നേതാവിനെതിരെയാണ് നടപടി.
കഞ്ഞിക്കുഴിയില്‍ ഏതാനും മാസം മുമ്പു നടന്ന സിപിഐ ഡിവൈഎഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ സ്‌ക്രീന്‍ ഷോട്ടായി ചോര്‍ത്തി നല്കിയെന്നാണ് കണ്ടെത്തിയത്. എഐവൈഎഫ് ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റി നല്കിയ പരാതിയെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഇയാളെ ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
നിലവിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് ഇയാള്‍. ഗുരുതരമായ ആരോപണം തെളിഞ്ഞിട്ടും ചില നേതാക്കള്‍ ഇയാളെ സംരക്ഷിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
















