ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവുമൂലം ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നട്ടാശ്ശേരി കാരക്കല്‍ ഷിബു.കെ.മൈക്കിള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതിയും നല്‍കി.
കഴിഞ്ഞ 16നാണ് ഷിബു ഗര്‍ഭിണിയായ ഭാര്യ ദിവ്യയുമൊത്ത് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്നത്. നേരത്തെ മുതല്‍ ഇവിടെ ചികിത്സയിലായിരുന്ന ദിവ്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എത്തിയത്. രാവിലെ 11മുതല്‍ വൈകിട്ട് 7വരെ നിരീക്ഷണ മുറിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ തിരികെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രാത്രി പ്രസവവേദന കൂടിയതോടെ വീണ്ടും 11 മണിക്ക് ഇവരെ ആശുപത്രിയില്‍ കൊണ്ടുവന്നുവെങ്കിലും പ്രസവമുറിയിലേക്ക് പ്രവേശിക്കുവാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. പ്രസവമുറിയില്‍ പ്രവേശിപ്പിക്കുവാനുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ പോലും പരിശോധിക്കാന്‍ പി.ജി.ഡോക്ടര്‍മാര്‍ തയ്യാറായില്ല. അവസാനം അവശനിലയിലായ ഇവരെ പി.ജി.ഡോക്ടര്‍മാരും അറ്റന്‍ഡറും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ കുട്ടിയുടെ തല പുറത്തുവന്നിരുന്നു. ഇവരാണ് കുട്ടിയെ പുറത്തെടുത്തതെന്നും പ്രധാന ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുവാന്‍ പോലും തയ്യാറായില്ലെന്നും ദിവ്യയും ഭര്‍ത്താവ് ഷിബുവും പറയുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയായ ഭാര്യയെയോ കുട്ടിയെയോ കാണുവാന്‍ പോലും കഴിയാതിരുന്ന ഷിബു ഡോക്ടറോട് വിവരം ആരാഞ്ഞപ്പോള്‍ എല്ലാം നോര്‍മല്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ കുട്ടിയെയും അമ്മയെയും കാണുവാന്‍ അനുവാദം ലഭിച്ചില്ല. പിന്നീട് ഷിബുവിന്റെ ബന്ധുക്കള്‍ ആര്‍എംഒയുമായി ബന്ധപ്പെട്ടപ്പോള്‍ മൂത്രം പോകാത്തതിനാലാണ് കാണിക്കാത്തതെന്നും അരമണിക്കൂറിനകം കാണിക്കുമെന്നും പറഞ്ഞ് ഡോക്ടര്‍ സ്ഥലംവിട്ടു.
രാവിലെ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ പൂര്‍ണ്ണ സംതൃപ്തിയെന്നാണ് പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചെന്ന വിവരം അറിയുന്നത്. പ്രസവസമയത്ത് നടന്ന ചികിത്സാപിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ഷിബു പറഞ്ഞു. ശിശുവിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്കായി പതോളജി വിഭാഗത്തില്‍ നല്‍കിയിരിക്കുകയാണ്.
പരിശോധനാ ഫലത്തില്‍ തിരിമറികള്‍ ഉണ്ടായില്ലെങ്കില്‍ ശരിയായ മരണകാരണം അറിയാമെന്നും അതനുസരിച്ച് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനാണ് തീരുമാനം. ഷിബുവിന്റെയും ദിവ്യയുടെയും മൂന്നാമത്തെ കുട്ടിയാണിത്. മുതിര്‍ന്ന രണ്ടുപെണ്‍കുട്ടികള്‍ക്ക് 3ഉം 4ഉം വയസ്സുണ്ട്. മരിച്ചത് ആണ്‍കുട്ടിയായിരുന്നുവെന്ന് ഷിബു പറഞ്ഞു.
















