തിരുവല്ല: തെള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിന്റെ പാട്ടമ്പലത്തില്‍ നടക്കുന്ന കളമെഴുത്തിന് ഭക്തജന തിരക്ക്. മങ്കൊമ്പ് പ്രകാശാണ് കളമെഴുതുന്നത്. കറുപ്പ്, തൂവെള്ള, മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ വര്‍ണങ്ങളാണ് കാളിയുടെ രൂപഭാവങ്ങള്‍ക്ക് അഴക് നല്‍കുന്നത്. പ്രകൃതിവര്ണങ്ങളില് നിന്നാണ് കളം എഴുതുന്നതിനുള്ള പഞ്ചവര്‍ണങ്ങള്‍ തയാറാക്കുന്നതും. നെല്ലിന്റെ ഉമി കരിച്ചു കറുപ്പും പച്ചരി പൊടിച്ചു തൂവെള്ളയും പച്ചമഞ്ഞള്‍ അരച്ചു മഞ്ഞയും ചുണ്ണാമ്പും മഞ്ഞളും തിരുമ്മി ചുവപ്പു നിറവുമുണ്ടാക്കുന്നു.വാകമരത്തിന്റെ ഇലകള്‍ ഉണക്കിയെടുത്തു പൊടിച്ചാണ് പച്ചനിറം തയാറാക്കുന്നത്. ദാരികനെ വധിക്കാന്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളിയുടെ പല രൂപഭാവത്തിലുള്ള വേഷങ്ങള്‍ ഭഗവതിക്കാവിലെ പാട്ടമ്പലത്തില്‍ എഴുതി ആരാധിക്കുന്നു.
പാട്ടമ്പലത്തില്‍ കുരുത്തോല, ആലില, മാവില, പുഷ്പങ്ങള്‍, വെറ്റില, അടയ്ക്ക എന്നിവകൊണ്ട് അലങ്കരിക്കുകയും ഇതിനു താഴെ പുണ്യാഹം തളിച്ചു ശുദ്ധിവരുത്തിയ തറയിലാണ് കളമെഴുതുന്നത്. ഭഗവതിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുശേഷം എതിരേല്പു കഴിഞ്ഞാണ് കളം മായ്ക്കുന്നത്. ചേങ്ങിലയുടെ താളത്തില്‍ ദേവിക്കു സ്തുതി ചൊല്ലി, എഴുതിയയാള്‍ തന്നെയാണ് കളം മായ്ക്കുന്നത്. ദേവീചിത്രത്തിന്റെ പാദം മുതല്‍ കഴുത്തുവരെയുള്ള ഭാഗം കവുങ്ങിന്പൂക്കുലയിലും മുഖം കൈകൊണ്ടുമാണ് തുടച്ചുനീക്കുന്നത്. മുഖത്തിന്റെ ഭാഗത്തുനിന്നു മായിച്ചെടുത്ത വര്‍ണങ്ങള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. 40 ദിവസം ഓരോ കുടുംബങ്ങളും 41ാം ദിവസം കരയടച്ചുള്ള കുടുംബങ്ങളുമാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. നാല്പതാം ദിവസം എട്ടും 41ാം ദിവസം പതിനാറും കൈകളുമാണ് പഞ്ചവര്‍ണങ്ങളില്‍ വിരിയുന്നത്.പഞ്ചവര്‍ണങ്ങള്‍ ചാരുതനല്കിയ കളമെഴു് വൃശ്ചികം ഒന്നിന് തുടങ്ങിയതാണ്. കാലദോഷം, മഹാമാരി എന്നിവയില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പാട്ടമ്പലത്തില്‍ കളമെഴുത്തും പാട്ടും തുടങ്ങിയത്.41 ദിവസങ്ങള്‍ക്കിടയില്‍ ദേവിയുടെ രൂപത്തില്‍ വ്യത്യാസങ്ങളേറെയാണ്. ഒന്നു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ ദേവീരൂപത്തിനു നാലു കൈകള്‍ ഉണ്ടാകും. ഒന്നു മുതല്‍ 40 വരെയുള്ള ദിവസങ്ങളില്‍ ദാരിക നിഗ്രഹത്തിനായി തുള്ളിയുറയുന്ന ദേവിയുടെ വിവിധ ഭാവങ്ങളും 41ാം ദിവസം ദാരികനിഗ്രഹവുമാണ് എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: