തിരുവല്ല: ഡിറ്റിപിസി സത്രത്തില്‍ നടന്ന ജില്ലാ കളക്ടറുടെ അദാലത്തില്‍ എത്തിയ പരാതികളിലേറെയും തിരുവല്ല നഗരസഭയിലെ ജീവനക്കാരെ സംബന്ധിച്ചുള്ളതായിരുന്നു. തിരുവല്ലയിലെ ഗതാഗത തടസ്സം, വഴിയോര കച്ചവടം, വീടുകളുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം, മാലിന്യങ്ങള്‍ സംബന്ധിച്ച് നല്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരിക്കല്‍ തുടങ്ങി വ്യാപകമായ പരാതികളാണ് അദാലത്തിനെത്തിയവര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചത്. നഗരസഭ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട സൂപ്രണ്ടുമാരെ വിളിച്ചുവരുത്തി ഓരോ പരാതികളിലും നിശ്ചിത കാലയളവിനുള്ളില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്കി. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ നല്‍കാതെ വരുമ്പോഴാണ് അവര്‍ പരാതികളുമായി അദാലത്തുകളിലേക്ക് എത്തേണ്ടിവരുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടത്. നിയമപരമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആകെ 84 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ മുമ്പ് ലഭിച്ചിരുന്നവയാണ്. പരാതി പരിഹാര വേദിയില്‍ 67 പരാതികളാണ് ലഭിച്ചത്. റവന്യു (27), നഗരസഭ (8), പഞ്ചായത്ത് (15), പൊതുമരാമത്ത് (2), പോലീസ് (4), കൃഷി (4), മറ്റ് വകുപ്പുകള്‍ (7) എന്നിങ്ങനെയാണ് പുതിയ പരാതികള്‍. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമാണ് അദാലത്തുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിച്ചിരുന്നത്. ലഭിച്ച പരാതികള്‍ എല്ലാം തന്നെ അടിയന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികളുടെ പരിഹാരം സംബന്ധിച്ച് പ്രത്യേക നിരീക്ഷണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: