കല്‍പ്പറ്റ: കാര്യമ്പാടി കണ്ണാശുപത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളും ആശുപത്രി ബോര്‍ഡ് അംഗങ്ങളും പള്ളിക്കമ്മിറ്റി ഭാരവാഹികളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാര്യമ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സൗജന്യമായി നല്കിയ സ്ഥലത്താണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി ആക്ട് പ്രകാരമാണ് കാര്യമ്പാടി കണ്ണാശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സ്ഥാപനം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറിയിരിക്കുകയാണെന്ന് ആശുപത്രി ഗവേണിംഗ് ബോഡി അംഗങ്ങളായ ബിനു ജേക്കബ്, സജി കുരുവിള, മെമ്പര്‍ മാത്യൂ തച്ചാമറ്റം, പള്ളി ട്രസ്റ്റി ബൈജു ചാക്കോ എന്നിവര്‍ ആരോപിച്ചു. ഇതിനെതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസ് നല്കി അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്. അടുത്തിടെ ആശുപത്രി അധികൃതര്‍ നല്കിയ രണ്ടു പരാതികള്‍ വ്യാജമാണെന്ന് സിസി ടിവി കാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ആശുപത്രിയുടെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കാറില്ല. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിഗൂഡമാണ്. ജീവനക്കാരുടെ മ്പള വര്‍ധനവിന്റെ പേരില്‍ കണ്‍സള്‍ട്ടിംഗ് ഫീസ് വര്‍ധിപ്പിച്ചു. എന്നാല്‍ നഴ്സുമാരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിട്ടില്ലെന്ന് ബിനു ചാക്കോ ആരോപിച്ചു. കണ്ണാശുപത്രി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രി കയ്യാളുന്നവരുടെ അനിയന്ത്രിതമായ സാമ്പത്തിക വളര്‍ച്ച സംശയാസ്പദമാണ്- ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: