പെരിന്തല്‍മണ്ണ: മന്ത്രവാദത്തിലൂടെ അസുഖങ്ങളും തൊഴില്‍പരമായ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജസിദ്ധന്‍ പിടിയില്‍. പഴമള്ളൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശി പുള്ളിയില്‍ അബ്ദുള്‍ അസീസ്(42) ആണ് അറസ്റ്റിലായത്. നാട്ടിലും വിദേശത്തുമായി പ്രതി സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു.
അസുഖങ്ങള്‍ ഭേദമാക്കാനും കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞും തന്നെ സമീപിക്കുന്നവരെ ആദ്യഘട്ടത്തില്‍ കള്ളത്തരങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിക്കുന്നതാണ് രീതി. നിങ്ങളുടെ ശത്രുക്കള്‍ വീടിന് സമീപം മന്ത്രവാദം ചെയ്ത് ചില സാധനങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. അത് സുരക്ഷിതമായി പുറത്തെടുക്കണമെങ്കില്‍ തകിട്, കുടം തുടങ്ങിയ സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് ആദ്യം കുറച്ച് പണം തട്ടിയെടുക്കും. പിന്നീട് ഒരു ദിവസം വീട്ടിലെത്തുന്ന പ്രതി, വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കുഴിക്കാന്‍ ആവശ്യപ്പെടും. ആരും കാണാതെ കൈയില്‍ കരുതിയിരിക്കുന്ന പൊതി കുഴിയില്‍ ഒളിപ്പിക്കുകയും പിന്നീട് അത് എല്ലാവരും കാണ്‍കേ കണ്ടെത്തുകയും ചെയ്യും. പ്രതി തന്റെ വീട്ടില്‍ മുന്‍കൂട്ടി മണ്ണില്‍ കുഴിച്ചിട്ട് പഴകിയ തകിട്, ബ്ലേഡ്, എല്ലിന്‍ കഷ്ണങ്ങള്‍ എന്നിവ അടങ്ങിയ പൊതിയായിരിക്കും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തെടുക്കുന്നത്. ഇത് വിശ്വസിക്കുന്ന ജനങ്ങള്‍ ഇയാള്‍ പറയുന്ന പണം നല്‍കും. പരിഹാരമാകാത്തവര്‍ പരാതി പറഞ്ഞാല്‍ മന്ത്രവാദം നടത്തി കുടുംബം നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തും.
ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലുവര്‍ഷം മുമ്പാണ് ഇത്തരം തട്ടിപ്പ് ആരംഭിക്കുന്നത്. പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ചികിത്സ നടത്തുന്നത്. രോഗം മാറ്റിത്തരമാമെന്ന് പറഞ്ഞ് പഴമള്ളൂര്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്ന് അമ്പതിനായിരത്തോളം രൂപ തട്ടിയെടുത്തിരുന്നു.
ഡിവൈഎസ്പി എം. പി.മോഹനചന്ദ്രന്‍, സിഐ ടി.എസ്.ബിനു, എസ്‌ഐ ടി.സുരേഷ്ബാബു, എഎസ്‌ഐ സദാനന്ദന്‍, ആന്റണി, എം.ബി.രാജേഷ്, സി.പി.മുരളി തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: