തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തിര യോഗം കൂടി. പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം, ഒപി നവീകരണം, ദന്തല്‍ കോളേജിന്റെ നിര്‍മ്മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഈ ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും ഇതിനാവശ്യമായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇവിടെ എത്രയും വേഗം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങുവാനും ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഒപി നവീകരണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനും, ട്രോമകെയര്‍ സംവിധാനം, അമ്മയും കുഞ്ഞും ആശുപത്രി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗ്യാലറി മാതൃകയിലുളള ലക്ചറര്‍ ഹാള്‍, പിജി വിദ്യാര്‍ത്ഥികളുടെ ക്വാട്ടേഴ്‌സ്, ദന്തല്‍ കോളേജ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു. ഇതോടൊപ്പം ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ, ആശുപത്രി സൂപ്രണ്ട് ഡോ. രാംലാല്‍, ആലപ്പുഴ ഡി.എം.ഒ. ഡോ. വസന്തദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
















