മലപ്പുറം: പാലക്കാട്ടു നിന്നും കണ്ണൂരിലേക്കും കൊണ്ടോട്ടിയിലേക്കും കടത്തുകയായിരുന്ന രണ്ട് ലോറി കന്നുകാലികളെ മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ വാഹന പരിശോധത്തിടെയാണ് കാലികളെ കടത്തിയ ലോറി പിടികൂടിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന സ്ഥലത്ത് കൂടി നമ്പര്‍ പ്ലെയ്റ്റില്ലാതെ കടന്നു പോകുകയായിരുന്ന കര്‍ണ്ണാടക റജിസ്‌ട്രേഷനിലുള്ള വണ്ടി സംശയം തോന്നി പരിശോധനക്കായി പിടിച്ചപ്പോഴാണ് വാഹനത്തില്‍ കാലികളെ കടത്തുകയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലൈവ് സ്‌റ്റോക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരം അറിയിച്ചു. എന്നാല്‍ ഈ സംഭവം അവര്‍ കാര്യമാക്കിയില്ല. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതക്ക് കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലാത്തതിനാല്‍ വിവരം മലപ്പുറം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മലപ്പുറം എസ്‌ഐ ബിനുവിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.
കാലികള്‍ ലോറിയില്‍ നില്‍ക്കാന്‍ കണ്ണില്‍ പച്ചമുളക് തേച്ച നിലയിലായിരുന്നു. പാലക്കാട് നിന്നും വാഹനത്തില്‍ കയറ്റുന്നതിനു മുമ്പ് മാത്രമാണ് വെള്ളം നല്‍കിയിരുന്നത്. വാഹനം അടച്ചു കെട്ടിയ നിലയിലായിരുന്നതിനാല്‍ കാലികള്‍ അവശനിലയിലായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറക്കി കാവുങ്ങലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കാലികളെ മാറ്റി. ഇരുവാഹനങ്ങളിലുമായി അന്‍പതോളം കാലികളാണ് ഉണ്ടായിരുന്നത്. ലോറി പോലീസ് കസറ്റഡിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: