കണ്ണൂര്‍: സാങ്കേതികത്തകരാര്‍ പരിഹരിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള വസ്തു രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വസ്തു രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പുതിയ സംവിധാനം നടപ്പാക്കിയതിനാല്‍ തുടക്കത്തില്‍ തന്നെ വേണ്ടവിധത്തില്‍ പ്രാവര്‍ത്തികമായിരുന്നില്ല. ആവശ്യമായ ശേഷിയുള്ള സര്‍വ്വര്‍ സ്ഥാപിക്കാത്തതാണ് പദ്ധതി പരാജയപ്പെടാനുള്ള കാരണമായി രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷമാകാറായെങ്കിലും പ്രാരംഭഘട്ടത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. രജിസ്‌ട്രേഷനു പുറമെ വസ്തുവിന്റെ പോക്കുവരവും ഓണ്‍ലൈനാക്കിയതോടെ സ്ഥിതി ഗുരുതരമായി. ഉപകരണങ്ങള്‍ ഉപയയോഗിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ പോസ്റ്റ് ചെയ്യാത്തതും സ്ഥിതി ഗുരുതരമാക്കി. സര്‍വ്വര്‍ തകരാറുകാരണം ഇപ്പോള്‍ മിക്ക ദിവസവും രജിസ്‌ട്രേഷന്‍ തന്നെ നടക്കാത്ത സാഹചര്യമാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമേ മാന്വല്‍ സംവിധാനം കൂടി നിലനിര്‍ത്തണമെന്നാണ് ബനധപ്പെട്ട വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
നേരത്തെ മാന്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്ത് ആധാരം എഴുതി തയ്യാറാക്കി രജിസ്ട്രാഫീസിലെത്തിച്ച ശേഷം രജിസ്ട്രാര്‍ പറയുന്ന പ്രകാരമാണ് ഫീസ് അടച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ആക്കിയതിന് ശേഷം മുന്‍കൂട്ടി ഫീസ് അടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടക്കുകയുള്ളു. ഇത്തരത്തില്‍ മുന്‍കൂട്ടി ട്രഷറിയില്‍ ഫീസ് അടച്ചതിന് ശേഷം രജിസ്‌ട്രേഷന്‍ നടക്കാതിരിക്കുന്നതോ വൈകുന്നതോ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. നിശ്ചിത ദിവസത്തിനകം വസ്തു രജിസ്‌ട്രേഷന്‍ നടത്താന്‍ നാട്ടിലെത്തി തിരികെ പോകേണ്ട പ്രവാസികളെയാണ് പുതിയ സംവിധാനം ഏറെ വലക്കുന്നത്. രജിസ്‌ട്രേഷന്‍ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും ഇത് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നീക്കവും നടക്കുന്നില്ല.
















