തിരുവനന്തപുരം: സാന്ത്വനചികിത്സാ രംഗത്ത് മികച്ച കാല്‍വെയ്‌പ്പാണ് ജില്ലാ പഞ്ചായത്ത് നടത്തിയിരിക്കുന്നത്. സ്‌നേഹം, സ്‌നേഹസ്പര്‍ശം എന്നീ പേരുകളില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുമായി രണ്ട് പ്രധാന പദ്ധതികള്‍. പോക്കറ്റ് മണിയില്‍ നിന്ന് മാസത്തില്‍ ഒരു രൂപ നല്‍കി അവശരായ രോഗികളെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണ് സ്‌നേഹം മധുരം പദ്ധതി.
ഇതാദ്യമായാണ് തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആസന്ന മരണാവസ്ഥയിലുള്ള രോഗികള്‍ക്ക് വേണ്ടുന്ന സാന്ത്വന ചികിത്സകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മുന്‍ഗണന നല്‍കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ 11 ആശുപത്രികളില്‍ പ്രത്യേക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് തയ്യാറാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി ഒരുക്കുന്ന വാര്‍ഡുകളിലോരോന്നിലും അഞ്ചുപേരെ വീതം പ്രവേശിപ്പിക്കുക.
പ്രത്യേക റാമ്പ്, ടോയ്‌ലെറ്റുകള്‍, എയര്‍ ബെഡ്, കട്ടിലുകള്‍ തുടങ്ങിയ ആധുനികവും മികച്ചതുമായ സൗകര്യങ്ങള്‍ വാര്‍ഡുകളിലൊരുക്കും. പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കിയ നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക. ഇതിനായി പേരൂര്‍ക്കട ആശുപത്രിയില്‍ പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, പേരൂര്‍ക്കട ജില്ലാ ആശുപത്രികളിലും ജനറല്‍, ഫോര്‍ട്ട്, ജില്ലാ ഹോമിയോ ആശുപത്രികളിലും പാലോട്, വിതുര, ചിറയിന്‍കീഴ്. പാറശ്ശാല എന്നീ താലൂക്ക് ആശുപത്രികളിലും വാര്‍ഡുകള്‍ സജ്ജമാക്കും .
ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിമാസം 250 രൂപ നല്‍കി മെമ്പര്‍ഷിപ്പെടുത്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക, തീരദേശ, മലയോരമേഖലകളിലെ കിടരോഗ പരിചരണത്തിനും, രക്ത- അവയവദാന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കും.
ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 2368 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ സ്‌കോളര്‍ഷിപ്പും പ്രതിവര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സും ലഭ്യമാക്കും
















