ഹാനുഭൂതിയും കാരുണ്യവും ഡോ. സിദ്ദിഖ് അഹമ്മദിന് പകര്‍ന്നുകിട്ടിയത് ഉമ്മയില്‍ നിന്നാണ്. വീട്ടില്‍ സഹായം തേടിയെത്തുന്നവരോട് ഉമ്മ കൊട്ടിലില്‍ മറിയുമ്മ പ്രകടിപ്പിക്കുന്ന സ്നേഹവും കരുതലും കുഞ്ഞുനാളിലെ സിദ്ദിഖ് അഹമ്മദിന്റെ മനസ്സില്‍ മനുഷ്യത്വം നിറയ്ക്കുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി പടര്‍ന്നുപന്തലിച്ച സഹസ്രകോടികളുടെ ബിസിനസ്സ് സാമ്രാജ്യത്തിന് അധിപനായിരിക്കുമ്പോഴും മനസ്സില്‍ ഈ മനുഷ്യത്വവും കാരുണ്യവും കരുതലായി സൂക്ഷിക്കുന്നു ഈ മനുഷ്യന്.
ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ഡോ. സിദ്ദിഖ് അഹമ്മദ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഉപ്പ പനന്തറയില്‍ അഹമ്മദ്ഹാജി നടത്തിയിരുന്ന പലചരക്ക് കച്ചവടത്തില്‍ നിന്നാണ് സിദ്ദിഖ് അഹമ്മദ് ബിസിനസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് സ്വന്തമായി ബിസിനസ് ആരംഭിക്കുമ്പോഴും പടിപടിയായി ആ സാമ്രാജ്യം വളര്‍ത്തിയെടുക്കുമ്പോഴും ഉപ്പ പഠിപ്പിച്ച നന്മയുടെ കണക്കുപുസ്തകം ബാലന്‍സ് തെറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്നു അദ്ദേഹം. ഓട്ടോമൊബൈല്‍, എണ്ണ തുടങ്ങിയവയുടെ വിപണന മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഇറാം ഗ്രൂപ്പിന് തുല്യം നില്ക്കാവുന്ന മറ്റൊരു ബിസിനസ് ഗ്രൂപ്പില്ല ഇന്ന്. തികഞ്ഞ ലക്ഷ്യബോധത്തോടെ പിഴയ്ക്കാത്ത ചുവടുവെപ്പുകളോടെ ഡോ. സിദ്ദിഖ് അഹമ്മദ് സൃഷ്ടിച്ചെടുത്തതാണ് ആ ബിസിനസ് ലോകം.
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പറക്കുമ്പോഴും ഇടയ്ക്കെങ്കിലും മലയാളത്തിന്റെ മണ്ണിലേക്ക് മടങ്ങിയെത്താനും സ്വന്തം വീട്ടുകാരേയും നാട്ടുകാരേയും കാണാനും സമയം കണ്ടെത്തുന്നു. അഞ്ചുനേരവും നിസ്കരിക്കാനിഷ്ടപ്പെടുന്ന, കഴിയുന്നത്ര സഹായം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനാഗ്രഹിക്കുന്ന, ഒരു സാധാരണക്കാരനാണ് താനെന്ന് സ്വയം വിലയിരുത്തുന്നു ഡോ. അഹമ്മദ്. ലോകത്തെ മാറ്റിമറിക്കണമെങ്കില്‍ ആ മാറ്റം സ്വയം തുടങ്ങണമെന്ന തിരിച്ചറിവുള്ളയാളാണ് ഡോ. സിദ്ദിഖ് അഹമ്മദ്. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായതും മാറ്റത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ. ഡോ. സിദ്ദിഖ് അഹമ്മദ് സംസാരിക്കുന്നു.
കേരളത്തെക്കുറിച്ച്… യുവാക്കളെക്കുറിച്ച്…
കേരളത്തില്‍ നിന്നുള്ള യുവാക്കളെക്കുറിച്ച് പുറംലോകത്ത് നല്ല മതിപ്പാണ്. പക്ഷെ കേരളത്തിലെ പുതിയ തലമുറ അവരുടെ ശീലങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വെളിയില്‍ പോയാല്‍ 18 മണിക്കൂര്‍ വരെ ജോലിയെടുക്കാന്‍ തയ്യാറുള്ളവരാണ് മലയാളികള്‍. പക്ഷെ സ്വന്തം നാട്ടില്‍ അത് ചെയ്യില്ല.
നമ്മുടെ നാട് നേരിടുന്ന ഒരു വലിയ പ്രശ്നമിതാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെയുള്ളത് തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യാനുള്ള വിമുഖതയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് 25 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തില്‍ വന്ന് പണിയെടുക്കുന്നു. അതിനര്‍ത്ഥം ഇവിടെ തൊഴിലുണ്ട് എന്നാണ്. കേരളത്തില്‍ ചെയ്യാന്‍ മടിക്കുന്ന ഇതേ ജോലികള്‍ മലയാളികള്‍ വിദേശങ്ങളില്‍ പോയാല്‍ ഒരു മടിയും കൂടാതെ ചെയ്യും. ജീവിതത്തെക്കുറിച്ച്, തൊഴിലിനെക്കുറിച്ച് ഒക്കെയുള്ള നമ്മുടെ കാഴ്ചപ്പാട് മാറണം. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയാണ് കേരളത്തിലെ ഒരു പ്രധാന പ്രശ്നം. അവനവന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുക എന്നുള്ളതാണ് വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടി. എന്നാല്‍ ഇത് നമ്മള് മലയാളികള്‍ പലപ്പോഴും മറക്കുന്നു.
കേരളത്തിനുപുറത്ത് ഇതല്ല സ്ഥിതി. വിദേശത്തുപോയാല് ഏറ്റവും ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നവരാണ് മലയാളികളെന്ന നല്ലപേരുണ്ട്. കേരളത്തിലെ സാഹചര്യവും മാറണം.
മാറ്റം വരണം… ചിന്തയില്‍ തന്നെ…
പുതിയ തലമുറയുടെ ചിന്തയില്‍തന്നെ മാറ്റം വരണം. ഈയിടെ ഒരു യുവാവ് ജോലിക്കുള്ള അപേക്ഷയുമായി വന്നു എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ടുണ്ട്. ഒരുലക്ഷം രൂപയുടെ ബൈക്കോടിച്ചാണ് ജോലി തേടിവരുന്നത്. സ്വന്തമായി വരുമാനമൊന്നും ഇല്ലാതെ എങ്ങനെയാണ് ബൈക്ക് വാങ്ങുന്നത്. ജോലി കിട്ടുന്നതിന് മുമ്പ് കടം വാങ്ങുകയാണ്. ഒന്നിനും ക്ഷമയില്ല. ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പെ ആര്‍ഭാടമായി ചെലവ് ചെയ്യാന്‍ തുടങ്ങുന്നു. ഇത് പിന്നീട് നിലയില്ലാകയത്തിലേക്ക് തള്ളിവിടുന്നു. ജോലി കിട്ടിയില്ലെങ്കില്‍ ഈ കടങ്ങള്‍ എങ്ങനെ തീര്‍ക്കും. പണം സമ്പാദിച്ച ശേഷം ചെലവഴിക്കാന്‍ യുവാക്കള്‍ ശീലിക്കണം. കടം വാങ്ങി ആകരുത്.
തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയാണ് ഒരാളുടെ വ്യക്തിത്വം തന്നെ നിര്‍ണയിക്കുന്നത്. ദൈവത്തെ കാണുന്നതുപോലെ സ്വന്തം ജോലിയെ കാണണം. പണിയെടുക്കുന്ന സമയത്ത് ബാങ്ക് വിളികേട്ടാല് പോലും ജോലി ഉപേക്ഷിച്ച് പോകരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അതേസമയം നിസ്കരിക്കുമ്പോള്‍ ഉമ്മ വിളിച്ചാല്‍ എഴുന്നേറ്റ് ചെല്ലണമെന്നും വിശുദ്ധ ഗ്രന്ഥത്തിലുണ്ട്.
കുടുംബത്തില്‍ നിന്നുള്ള പരിശീലനം…
നമ്മുടെ ജീവിതത്തേക്കാള്‍ മറ്റുള്ളവരെ സ്നേഹിക്കണമെന്ന കാഴ്ചപ്പാടാണ് ചെറുപ്പം മുതലെ ഉമ്മ ഞങ്ങള്‍ മക്കള്‍ക്കെല്ലാവര്‍ക്കും പകര്‍ന്നുതന്നത്. ഇപ്പോഴും ആ ശീലത്തിന് മാറ്റമില്ല. വീട്ടില്‍ വിഐപികളും വിവിഐപികളും അതിഥികളായി വരുമ്പോള്‍ അവരുടെ കൂടെ സുരക്ഷാ ചുമതലയുള്ള പോലീസുകാരുമുണ്ടാകും.
ഉമ്മ ആദ്യം ഭക്ഷണം കൊടുക്കുക അവര്‍ക്കാണ്. അവര്‍ സമാധാനത്തോടെ കഴിക്കണം. അവരുടെ കയ്യിലാണ് നിങ്ങളുടെ സുരക്ഷ എന്നും ഓര്‍മ്മിപ്പിക്കും. ഒരിക്കല്‍ പുതിയ ബിഎംഡബ്ല്യ കാര്‍ വാങ്ങി വീട്ടില്‍ എത്തിച്ചു. കാര്‍ കണ്ട ഉമ്മ അതിന് എത്രയാണ് വില എന്ന് തിരക്കി. പിന്നെ ഉമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത്രയും വിലകൂടിയ കാറില്‍ നടക്കുന്ന നീ നാട്ടിലെ ഒരു കല്യാണത്തിന് എന്തുകൊടുക്കണം. ചുരുങ്ങിയത് 25000 രൂപയെങ്കിലും കൊടുക്കണ്ടെ. അതാണുമ്മ. നമ്മള് വളരുമ്പോള്‍ ചുറ്റുപാടുമുള്ളവരെ ഓര്‍ക്കണമെന്ന് സദാ ഓര്‍മ്മപ്പെടുത്തും.
ബിസിനസ്സിന്റെ ഭാഗമായി ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ക്ക് നമ്മുടെ നാട്ടിലേതുപോലെ ഇത്രവലിയ പ്രാധാന്യം എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിന്ന് നമ്മുടെ നാട്ടിലും ഈ കുടുംബ ബന്ധങ്ങളുടെ ആഴം കുറയുന്നുണ്ടോ എന്ന സംശയമുണ്ട്. ഐഫോണും വിലകൂടിയ ഉപകരണങ്ങളും ഉപയോഗിക്കുന്നതിലല്ല ജീവിതത്തിന്റെ നിലവാരം ഉയരുന്നത്. ബന്ധങ്ങളെ ഊഷ്മളമാക്കി നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലുമാണ്.
ബിസിനസ്സിലുള്ള സാമൂഹ്യ താല്പര്യം…
ബിസിനസ്സിലും സാമൂഹ്യ താല്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇ-ടോയ്ലറ്റ് പദ്ധതി ഇത്തരമൊരു കാഴ്ചപ്പാടില്‍ നിന്നുണ്ടായതാണ്. ഒരിക്കല്‍ ഒരു സന്നദ്ധ സംഘടന ഒരാശുപത്രിയിലേക്ക് ഡയാലിസിസ് മെഷീന് വാങ്ങാന്‍ സംഭാവന ചോദിച്ചു. അത് കൊടുക്കാമെന്നേറ്റു. പിന്നീട് കൂടുതല്‍ ഡയാലിസിസ് മെഷീന് വേണമെന്ന് അവര്‍ പറഞ്ഞു. അതു നല്കി. കേരളത്തില്‍ ഇത്രമാത്രം വൃക്കരോഗികള്‍ എങ്ങനെ ഉണ്ടാകുന്നു. ഈ അന്വേഷണമാണ് ഇ-ടോയ്ലറ്റ് പദ്ധതിയിലേക്ക് ഞങ്ങളെ നയിച്ചത്. കേരളത്തിലതിനുവേണ്ടി ഇറാം ഗ്രൂപ്പ് മുന്‍കയ്യെടുത്ത് സര്‍വ്വെ നടത്തി.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വ്വെയില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ നാല്പത് കൊല്ലം കഴിഞ്ഞാല്‍ കേരളത്തിലെ ഓരോ വീട്ടിലും ഒരു ഡയാലിസിസ് മെഷീന് വീതം വേണ്ടിവരും. നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിന് കാരണം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല. രാവിലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ സന്ധ്യക്ക് തിരിച്ച് മടങ്ങിയെത്തുന്നതുവരെ വെള്ളം കുടിക്കാതേയും മൂത്രമൊഴിക്കാതെയും കഴിയുന്നു. ഒന്നാം ക്ലാസില്‍ പോകുന്ന കുട്ടികള്‍ പോലും മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ വെള്ളം കുടിക്കാത്ത ശീലം ഇപ്പോള്‍ കേരളത്തിലുണ്ട്. കുട്ടികള്‍ രാത്രി കിടക്കുമ്പോള്‍ പോലും വെള്ളം കുടിക്കുന്നില്ല.
12 മണിക്കൂര്‍ ഗ്യാപ് വന്നാല്‍ പോലും അത് കിഡ്നിയെ ബാധിക്കും. കടകളിലെ ജോലിക്കാരും തൊഴിലാളികളും ഉള്‍പ്പടെ എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിത പ്രശ്നമാണിത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് ചെലവ് കുറഞ്ഞ രീതിയില്‍ ഇ-ടോയ്ലെറ്റുകള് സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാരുമായി ചേര്‍ന്ന് ഒരു സേവനമെന്ന നിലക്ക് കേരളം മുഴുവന്‍ ഇത് നടപ്പാക്കാനായിരുന്നു പരിപാടി.
ഇ-ടോയ്ലറ്റിന്റെ മറ്റൊരു പ്രധാന മേന്മ വെള്ളം കുറവ് മതി എന്നതാണ്. സാധാരണ ടോയ്ലറ്റില് ഒരു പ്രാവശ്യം ഫ്ളഷ് ചെയ്യുമ്പോള്‍ ഏഴ് ലിറ്റര്‍ വെള്ളം നഷ്ടമാകുന്നു. എന്നാല്‍ ഇതില്‍ ഒരു ലിറ്റര്‍ മതി. കോഴിക്കോട് നഗരത്തില്‍ സൗജന്യമായി പത്തെണ്ണം ചെയ്തുകൊടുത്തു. പക്ഷെ ചിലകേന്ദ്രങ്ങളില്‍ നിന്ന് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളുണ്ടായതോടെ ഇത് വേണ്ടരീതിയില്‍ മുന്നോട്ടുപോയില്ല.
സോളാര്‍ പാനല്‍ ഉപയോഗിച്ച് ഫാനുള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ്. ഇ-ടോയ്ലറ്റ് തയ്യാറാക്കുന്നത്. 22 സംസ്ഥാനങ്ങളിലും വിദേശത്തും ഇ-ടോയ്ലറ്റ് എത്തിച്ചുകഴിഞ്ഞു. വെള്ളത്തിന് വലിയ ക്ഷാമം നേരിടുന്ന നാടുകളില്‍ ഇതൊരു അനുഗ്രഹമാണ്.
എണ്ണപ്പണത്തിന്റെ നാട്…
ഗള്‍ഫ് സമ്പദ്വ്യവസ്ഥ പൂര്‍ണമായും എണ്ണയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. തീര്‍ച്ചയായും എണ്ണയുടെ വിലയിലുണ്ടാകുന്ന മാറ്റം അവിടുത്തെ എല്ലാ ബിസിനസ്സിലും പ്രതിഫലിക്കും. എണ്ണവിലയിലുണ്ടായ ഇടിവ് അവിടെയും ബിസിനസ്സില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഗള്‍ഫ് രാജ്യങ്ങള്‍ അതിന് അതിജീവിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയൊന്നും ഇല്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ്. പക്ഷെ പലകാര്യങ്ങളും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങള്‍ സ്വബോധത്തോടെ ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നു എന്ന ഒരു രീതി. പശുക്കളെ സ്നേഹിക്കണം എന്നതിനര്‍ത്ഥം പശുക്കളെ കൊല്ലുന്നവരെ ആക്രമിക്കണം എന്നല്ല. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ ഉണ്ടാകണം. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്യും.
അതേസമയം ജിഎസ്ടി നടപ്പാക്കിയതില്‍ ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ല. പെട്രോളിയം വില നിര്‍ണയിക്കുന്നതില്‍ ഗവണ്മെന്റിന് നിയന്ത്രണാധികാരം ഉണ്ടാകണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
സാമ്പത്തികരംഗത്തെ പരിഷ്കരണങ്ങള്‍…
സാമ്പത്തികരംഗത്തെ പരിഷ്കരണ ശ്രമങ്ങള്‍ പോലെത്തന്നെ സേവനരംഗത്തും മാറ്റം വരണം. ഇന്നേറ്റവും കൂടുതല്‍ മനുഷ്യപ്പറ്റില്ലാതായിക്കൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് ആരോഗ്യവും നീതിന്യായ വ്യവസ്ഥയും. ഡോക്ടര്‍മാരും വക്കീല്‍മാരും ഏറ്റവും കൂടുതല്‍ ഉദാരത കാണിക്കേണ്ടവരാണ്. ഏറ്റവും വലിയ പ്രതിസന്ധിയില്‍ പെടുന്ന ആളുകളാണ് ഇവരെ അന്വേഷിച്ചെത്തുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഒരു വിഭാഗമെങ്കിലും മനുഷ്യത്വമില്ലാത്തവരായി പെരുമാറുന്നു.
ആശുപത്രികളിലും കോടതികളിലും പാവപ്പെട്ടവന് ചികിത്സയും നീതിയും സൗജന്യമായിതന്നെ ലഭിക്കണം. സമൂഹമാധ്യമങ്ങള്‍ വളരെ സജീവമാണിന്ന്. അതിനെ നല്ലതിനായും തിന്മക്കായും ഉപയോഗിക്കാം. അത് കൈകാര്യം ചെയ്യുന്നവരുടെ താല്പര്യംപോലിരിക്കും. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള വ്യാജപ്രചരണങ്ങള്‍ നിയന്ത്രിക്കപ്പെടണം.
വിവാദങ്ങള്‍… പ്രതിഷേധങ്ങള്‍…
മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ എത്ര വിഡ്ഢിത്തം നിറഞ്ഞ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അനാവശ്യ വിവാദങ്ങള്‍ക്കാണ് പലപ്പോഴും നമ്മള് പ്രാധാന്യം കൊടുക്കുന്നത്. ഇതുമൂലം ശ്രദ്ധിക്കപ്പെടേണ്ട പലകാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. കഴിഞ്ഞ അമ്പത് കൊല്ലത്തിനുള്ളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്. വിവാദങ്ങളും പ്രതിഷേധങ്ങളും മാത്രമാണ് ഇവിടെ വളരുന്നത്.
കണ്ണൂരില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ഫാക്ടറി ഇത്തരം വിവാദങ്ങള്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനമാണ് അനാവശ്യവിവാദങ്ങളുണ്ടാക്കി ചിലര്‍ അടച്ചുപൂട്ടിയത്. അതുകൊണ്ട് ആര്‍ക്കാണ് നഷ്ടമുണ്ടായത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. ഇത്തരം വിവാദങ്ങളും പ്രതിഷേധങ്ങളും സമൂഹത്തിന് ഗുണം ചെയ്യില്ല.
സമരം ചെയ്യലിന്റെ ആദ്യപടി പൊതുമുതല്‍ നശിപ്പിക്കലാണ്. പൊതുമുതല്‍ എന്നത് നശിപ്പിക്കാന്‍ വേണ്ടിയുളളതാണ് എന്ന ഒരു ധാരണ തന്നെ ഇവിടെ ചിലര്‍ക്കുണ്ട്. ഈ സ്വഭാവം മാറണം. പൊതുമുതലുകള്‍ അഭിമാനബോധത്തോടെ സംരക്ഷിക്കണം. കുട്ടികളെ ഗവ. സ്കൂളുകളില്‍ അയച്ച് പഠിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷിക്കുകയും അവയുടെ നിലവാരം ഉയര്‍ത്തുകയും വേണം.
മങ്കരയിലെ ആതിഥേയന്…
ബിസിനസ്സിനാക്കാളേറെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് സംസാരിക്കനാണ് ഡോ. സിദ്ദിഖ് അഹമ്മദിന് താല്പര്യം. ഈ സംസാരം നടക്കുന്നതിനിടയിലും രണ്ട് ദിവസത്തേക്ക് മങ്കരയിലെ വീട്ടിലെത്തിയ ഡോ. സിദ്ദിഖ് അഹമ്മദിനെക്കാണാന്‍ ഒട്ടേറെപ്പേര്‍ ആ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. പലര്‍ക്കും പല കാര്യങ്ങളാണ്. ചിലര്‍ക്ക് വെറുതെയൊന്ന് കാണാന്‍. സൗഹൃദം പുതുക്കാന്‍. ചിലര്‍ക്ക് വേണ്ടപ്പെട്ടവരുടെ ജോലിക്കാര്യത്തിനായി. മറ്റു ചിലര്‍ സഹായ അഭ്യര്‍ത്ഥനയുമായി. ആരേയും നിരാശരാക്കാതെ എല്ലാവരോടും ചിരിച്ചുകൊണ്ട് തികഞ്ഞ ആതിഥേയനായി ഡോ. സിദ്ദിഖ് അഹമ്മദ് പെരുമാറുന്നു. ഉമ്മ പഠിപ്പിച്ച ആ പാഠങ്ങള്‍ മറക്കാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: