തുറവൂര്‍: ദേശീയപാതയോരത്തു നടപ്പാതയോടു ചേര്‍ന്നു കുറ്റിക്കാടുകള്‍ വളരുന്നത് കാല്‍ നടയാത്രികരെയും സൈക്കിള്‍ യാത്രികരെയും അപകടത്തില്‍പ്പെടുത്തുന്നു.
തുറവൂര്‍ ആലയ്‌ക്കാപറമ്പ്, പുത്തന്‍ചന്ത, പൊന്നാം വെളി എന്നിവിടങ്ങളിലാണു പാതയിലേക്കു കാടുകള്‍ വളര്‍ന്നിരിക്കുന്നത്. കാടുകള്‍ വളര്‍ന്നിരിക്കുന്നതു കാരണം കാല്‍നട യാത്രികരും സൈക്കിള്‍ യാത്രികരും റോഡിലേക്കു കയറിയാണ് നടക്കുന്നത്. ഇത് അപകടങ്ങള്‍ക്കിടയാക്കുന്നു. ചില സ്ഥലങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയാണു കാടുകള്‍ വെട്ടി നീക്കേണ്ടത്.അടിയന്തരമായി കാടുകള്‍ വെട്ടിനീക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പാതയോരത്തും മീഡിയനിലും വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകള്‍ വെട്ടി നീക്കുന്നതിനായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്നും പദ്ധതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ജോലി ആരംഭിക്കുമെന്നും ദേശീയപാത അധികൃതര്‍ പറയുന്നു.
















