തിരുവനന്തപുരം: പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക, ജീവിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് സംഘ് പ്രതീകാത്മക ആത്മഹത്യാസമരം നടത്തി. ട്രാന്‍സ്‌പോര്‍ട്ട് ഭവനു മുന്നില്‍ നടക്കുന്നു പെന്‍ഷന്‍ സമരത്തിന്റെ 43-ാമതു ദിനത്തിലാണ് ഇത്തരത്തില്‍ ഒരു സമരം അരങ്ങേറിയത്.
എല്‍ഡിഎഫ് വന്നെങ്കിലും ഒന്നും ശരിയായില്ലെന്നും സര്‍ക്കാര്‍ സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്തു സംഘ് പ്രസിഡന്റ് കെ. ഗോപിനാഥന്‍ നായര്‍ പറഞ്ഞു. കൃത്യമായി പെന്‍ഷന്‍ നല്‍കാതെ കുടിശ്ശിക പെരുകുന്ന സന്ദര്‍ഭത്തില്‍ നോക്കിയിരിക്കാനാകില്ലെന്നും എന്തു ത്യാഗം സഹിച്ചും പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. വേറ്റിനാട് മുരളി, വി. ശശാങ്കന്‍ നായര്‍, ജി. വിജയകുമാര്‍, ഹരീന്ദ്രനാഥ്, രാജഗോപാല്‍, നാഗേന്ദ്രന്‍ ആശാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















