മക്കളുടെ പിറനാളിന് മറക്കാനാകാത്ത സമ്മാനം നല്‍കണമെന്ന് ഏതൊരച്ഛനാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ഈ അച്ഛന് ചെയ്തതാകട്ടെ തന്റെയുളളില്‍ ഉറങ്ങിക്കിടന്നിരുന്ന പ്രതിഭയെ പൊടിതട്ടിയെടുക്കുകയെന്നതാണ്. തൊടുപുഴ വെളളിയാമറ്റം സ്വദേശിയും ഇപ്പോള്‍ കട്ടപ്പനയില്‍ താമസക്കാരനുമായ മൂത്തേടത്തുപറമ്പില്‍ അരുണ്കുമാറിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.
മകന് മാധവ്കൃഷ്ണയ്ക്ക് പിറന്നാള്‍ സമ്മാനമായി അരുണ്‍ നിര്‍മ്മിച്ചു നല്‍കിയത് ഒരു കിടിലന്‍ മോട്ടോര്‍ ബൈക്കും ജീപ്പും. അതും ഒറിജിനലിനെ വെല്ലുന്ന ചെറുപതിപ്പുകള്‍. മ്യൂസിക് സിസ്റ്റവും ആക്സിലേറ്ററും ചാര്‍ജറുമടക്കം ബാറ്ററിയിലോടുന്ന വണ്ടികള്‍. 25 കിലോയോളം ഭാരമുണ്ട് ജീപ്പിന്. മൊബൈല്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനവും ജീപ്പിലുണ്ട്. പ്ലൈവുഡിലും അലുമിനിയത്തിലുമാണ് ജീപ്പിന്റെ നിര്‍മ്മാണം. ഇതിനായി ഉപയോഗിച്ച മോട്ടോര്‍ ഓണ്‍ലൈന്‍ വഴി വാങ്ങി.
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ബൈക്ക് നിര്‍മ്മിച്ചപ്പോള്‍ രണ്ടു പിന്‍ചക്രങ്ങള്‍ വച്ചുകൊടുത്തു. മാധവ്കൃഷ്ണയും അനുജത്തി കേശിനികൃഷ്ണയും ഡ്രൈവിങ്ങില്‍ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. വാഹനപ്രേമിയും മോഹന്‍ലാല്‍ ആരാധകനുമായ അരുണ്‍കുമാര്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ക്ക് നല്‍കിയത് ലാലേട്ടന്റെ വണ്ടിനമ്പറുകള്‍!
പോണ്ടിച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ നഴ്സാണ് അരുണ്‍. ജോലിത്തിരക്കുകള്‍ക്കിടയിലാണ് ഇവയൊക്കെ നിര്‍മ്മിച്ചതെന്നതാണ് അതിശയിപ്പിക്കുന്നത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് അരുണ്‍കുമാര്‍. ഫെയ്സ്ബുക്കിലെ വീഡിയോകണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്, അവരുടെ ആവശ്യങ്ങള്‍ പലതാണ്. എന്നാല്‍ തിരക്കുകാരണം അവയൊന്നും ചെയ്തുകൊടുക്കാന്‍ സമയം അനുവദിക്കുന്നില്ലെന്ന സങ്കടംമാത്രം. സ്കൂള്‍ പഠനകാലത്ത് ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ വര്‍ക്കിങ് മോഡല്‍ ഗണത്തില്‍ ജെസിബി നിര്‍മ്മിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അരുണ്‍.
ഭാര്യ ആര്യ കട്ടപ്പന ഗവ.ആശുപത്രിയില്‍ നഴ്സാണ്. വീട്ടുകാരുടേയും ഭാര്യയുടേയും പൂര്‍ണ്ണപിന്തുണയാണ് തന്റെ ഊര്‍ജ്ജമെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
അണിയറയില്‍ ലാലേട്ടന്റെ ‘മയില്‍വാഹന’വും ഏയ്ഓട്ടോയിലെ ‘സുന്ദരി’യും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കിക്കിയും മാനിയും പുതിയ അതിഥികളെ കാത്തിരിക്കുകയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും രഹസ്യമാക്കിവച്ചിരിക്കുന്ന ചിലതുമുണ്ട് ഈ ശാസ്ത്രഞ്ജന്റെ കൈയ്യില്‍, പേറ്റന്റ് നേടാനായി തയ്യാറാക്കുന്ന ഇവയൊക്കെ താമസിയാതെ വാര്‍ത്തകളില്‍ നിറയുമെന്നുറപ്പ്.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: