മുഹമ്മ: ഏഷ്യയിലെ അപൂര്‍വ്വ ബഹുമതികളുടെ പട്ടികയിലേയ്‌ക്ക് മുഹമ്മയും എബി വിലാസം ജിംനേഷ്യവും. എഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാര്‍ത്ഥിനികളായ അഞ്ച് കായികതാരങ്ങളുടെ പ്രകടനത്തിലൂടെ മുഹമ്മയിലേയ്‌ക്ക് 20 മെഡലുകള്‍.
മുഹമ്മയിലെ വിദ്യാലയങ്ങളിലേയ്‌ക്ക് 12 പതക്കങ്ങള്‍. മുഹമ്മ ആര്യക്കര എബി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ജിംനേഷ്യത്തിലൂടെ പരിശീലനം നേടിയ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ സ്വന്തമാക്കിയ 20 മെഡലുകള്‍ക്ക് കണ്ണീരിന്റെ നനവും.
മുഹമ്മ ചാണിവെളി ശിവപ്രസാദിന്റെയും ശ്രീദേവിയുടേയും മകള്‍ എസ്.പി. ശ്രീക്കുട്ടി 57 കിലോ വിഭാഗത്തില്‍ നാല് സ്വര്‍ണ്ണവും പൂജവെളി പുളിമൂട്ടില്‍ ചന്ദ്രബാബുവിന്റെയും ലേഖയുടേയും മകള്‍ സി. അശ്വതി 63 കിലോ വിഭാഗത്തില്‍ ഒരു വെള്ളിയും മൂന്ന് വെങ്കലവും, പുത്തനങ്ങാടി കുന്നേവെളി കുഞ്ഞുമോന്‍ – അജിത ദമ്പതികളുടെ മകള്‍ അജീഷ 72 കിലോ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയുംനേടി.
മുഹമ്മ തടുത്തുവെളി പാണ്ടിയാംവെളി പ്രസാദിന്റെയും താരയുടേയും മകള്‍ നവ്യപ്രസാദ് നാലുവെള്ളിയും, പൂജവെളി ഇറുക്കംവെളി ശിവദാസ്- തിലകമ്മ ദമ്പതികളുടെ മകള്‍ ഭാഗ്യലക്ഷ്മി 52 കിലോ വിഭാഗത്തില്‍ ഒരു സ്വര്‍ണ്ണവും മൂന്നുവെള്ളിയും കരസ്ഥമാക്കിയാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. കൂലിപ്പണിക്കാരുടെ മക്കളാണ് ഈ നേട്ടം കൈവരിച്ചതെന്നത് മെഡലുകളുടെ തിളക്കം കൂട്ടുന്നു.
















