നിലമ്പൂര്‍: നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് തുക അനുവദിക്കണമെന്ന ശുപാര്‍ശ പൊതുമരാമത്ത് തള്ളിയിട്ടും, ഭൂവുടമകളുടെ ഭൂമി സംബന്ധമായ രേഖകള്‍ ലാന്റ് അക്വിസിഷന്‍ വിഭാഗം പരിശോധിച്ചു.
ബൈപ്പാസ് അട്ടിമറിച്ച സര്‍ക്കാര്‍ തന്നെയാണ് ഭൂമി നഷ്ടപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തില്‍ രേഖകളുടെ പരിശോധനയുമായി രംഗത്തിറങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പ്രവര്‍ത്തി നിലച്ചുപോയ റോഡുകളിലൊന്നാണ് നിലമ്പൂര്‍ ബൈപ്പാസ്. പി. വി. അന്‍വര്‍ എംഎല്‍എ ആയ ശേഷം ബൈപ്പാസിനുവേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പാതക്ക് ആവശ്യമായ തുക കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നുണ്ടങ്കിലും രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കാനുള്ള 50 കോടി രൂപ അനുവദിക്കണമെന്ന പ്രൊപ്പോസല്‍ പൊതുമരാമത്ത് വകുപ്പ് തള്ളുകയായിരുന്നു.
വീട്ടിക്കുത്ത് മുതല്‍ മുക്കട്ട വരെയുള്ള രണ്ട്, മൂന്ന്, നാല് ബ്ലോക്കുകളില്‍ പെട്ട നൂറോളം പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിക്കണമെന്നാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഈ പ്രൊപ്പോസല്‍ അപ്പാടെ തള്ളി. ഇത് പുറത്തായതോടെ പ്രതിഷേധം ഭയന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് ഭൂവുടമകളുടെ രേഖകള്‍ പരിശോധിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഉണ്ടോയെന്ന പരിശോധനയാണ് നിലമ്പൂര്‍ ടിബിയില്‍ നടന്നതെന്നാണ് വിശദീകരണം. മുഴുവന്‍ രേഖകളും ഇല്ലാത്തവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം നേരത്തെ നല്‍കിയിരുന്നു. നൂറിലധികം ഭൂവുടമകളുടെ രേഖകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
കെഎന്‍ജി റോഡില്‍ നിന്നും വീട്ടിക്കുത്ത് വരെയുള്ള ഒന്നാംഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തെങ്കിലും മണ്ണിട്ട് നികത്തിയ പ്രവര്‍ത്തി നടത്തുകയല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. രണ്ടാം ഘട്ട പ്രവര്‍ത്തിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 55 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍. മഹമൂദ്, കെ. ശബരിനാഥ്, കെ. ടി. അബ്ദുള്‍ ലത്തീഫ്, ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ പി. അബ്ദുള്‍ റസാഖ്, സി. സാജു, എം. കെ. മനോജ് കുമാര്‍, ടി. വി. സതീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: