പാറശ്ശാല: പൊഴിയൂര്‍ മേഖലയിലെ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 15 കിലോ റേഷനരിയുടെ വിതരണത്തിലും തട്ടിപ്പ്. കഴിഞ്ഞദിവസം പൊഴിയൂര്‍ മേഖലയിലുള്ള എട്ട് റേഷന്‍കടകളാണ് അരി വിതരണത്തില്‍ വന്‍ ക്രമക്കേട് നടത്തിയത്. പ്രദേശത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും അധികമായി 15 കിലോ അരിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ അരി വാങ്ങാനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് പല അളവായിരുന്നു. ചിലര്‍ക്ക് 11.5 കിലോയും 13 കിലോയും മാത്രമാണ് ലഭിച്ചത്. തൂക്കിനോക്കിയവര്‍ റേഷന്‍ കടകളില്‍ പ്രതിഷേധവുമായെത്തിയത് വാക്കേറ്റത്തിന് ഇടയാക്കി. റവന്യൂ, ഫിഷറീസ് അധികൃതര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഡുടമകള്‍ക്ക് 15 കിലോ വിതരണം ചെയ്തു. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളില്‍ അളവുകളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി നേരത്തെ തന്നെ പരാതികളുണ്ട്.
















