തിരുവനന്തപുരം: ശക്തമായ കാറ്റ് തീരദേശത്ത് വിതച്ച നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നവര്‍ നഗരപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ? കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയഫ്‌ളക്‌സ് ബോര്‍ഡുകളാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്.
നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ പ്രധാന റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഇവ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ കാറ്റോ മഴയോ അതിജീവിക്കാനുള്ള ശക്തി ഈ ബോര്‍ഡുകള്‍ക്ക് ഇല്ല. ഇവയില്‍ ഭൂരിഭാഗവും യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റുംമഴയും മൂലം ഇവയില്‍ പലതിന്റെയും അടിസ്ഥാനം അപകടത്തിലാണ്. കാലപ്പഴക്കം കൊണ്ട് പല തൂണുകളും ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും. ഇത്തരം ബോര്‍ഡുകളില്‍ കുറേയെണ്ണത്തിനെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ പൊളിഞ്ഞിരിക്കുന്നുണ്ട്. ഫ്‌ളകസുകള്‍ പലതും ചെറിയ കാറ്റില്‍ പോലും പാറിക്കളിക്കുന്നു.
വലിയ വൈദ്യുത കമ്പികള്‍ക്ക് സമീപത്താണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഇത്തരം ബോര്‍ഡുകളുടെ ഭാരവും വലുപ്പക്കൂടുതലും കാരണം മറിഞ്ഞുവീണാല്‍ വൈദ്യുത കമ്പികള്‍ പൊട്ടും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സദാസമയവും തിരക്കുള്ള റോഡുകളില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കുറവല്ല. ഫ്‌ളക്‌സ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുവീണാലും അത് ഇരുചക്രവാഹന യാത്രക്കാരെ ഉള്‍പ്പെടെ അപകടത്തിലാക്കും. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം എന്നതിനാല്‍ ആരും അപകടാവസ്ഥ പരിശോധിക്കാറുമില്ല.
കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മാത്രമാണ് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങുന്നത്. പണി പൂര്‍ത്തിയായാല്‍ ക്രമേണ ഇവയ്‌ക്ക് മുകളില്‍ വലുപ്പത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കും. വരുമാനഇനത്തില്‍ കെട്ടിടഉടമയ്‌ക്ക് ലഭിക്കുന്ന വലിയ തുകയാണ് ഇതിന് പ്രേരണ. അയ്യായിരത്തിന് മുകളിലാണ് ഓരോ മാസവും ലഭിക്കുന്ന വാടക. നഗരപരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരസഭയ്‌ക്ക് വാടകനല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ഫ്‌ളക്‌സുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. പലപ്പോഴും വാടക കൃത്യമായി ലഭിക്കാറില്ല. ഉദ്യോഗസ്ഥന്‍മാരും ഉടമയും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം. ചുരുക്കത്തില്‍ യാതൊരു വരുമാനവും സര്‍ക്കാരിന് ലഭിക്കാതെ അപകടസാധ്യത സൃഷ്ടിക്കുകയാണ് ഇത്തരം പരസ്യബോര്‍ഡുകള്‍. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉത്തരവാദിത്വം അഭിനയിക്കാനെത്തുന്നവര്‍ ഇനിയും കണ്ണടച്ചാല്‍ ഒരുപക്ഷേ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.
















