തിരുവനന്തപുരം: കുട്ടികളെ ബാധിക്കുന്ന വിവിധ ജനിതക രോഗങ്ങളെ കുറിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗവും ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ഇന്നു വൈകിട്ട് 6 ന് മാസ്‌കറ്റ് ഹോട്ടലില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
ഇന്ത്യയിലെയും അമേരിക്കയിലെയും ഡോക്ടര്‍മാര്‍ ചേര്‍ന്നുള്ള സംയുക്ത സംരഭത്തില്‍ ജപ്പാന്‍, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എസ്എടി ആശുപത്രി ജനിതകരോഗ വിദഗ്ധനുമായ ഡോ വി.എച്ച്. ശങ്കര്‍ അറിയിച്ചു. ജനിതകരോഗങ്ങളുടെ രോഗനിര്‍ണയം, തുടര്‍ചികിത്സ, അടിസ്ഥാനസൗകര്യവികസനം, ജനിതക കൗണ്‍സലിംഗ് എന്നീ വിഭാഗങ്ങളില്‍ ഏകദേശം 70 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും.
















