തിരുവനന്തപുരം: വൃദ്ധര്‍ക്കായി വാസരം എന്ന പേരില്‍ ഡേകെയര്‍ ഒരുങ്ങി. ഇനി ജോലിക്ക് പോകും മുമ്പ് അച്ഛനമ്മമാര്‍ പിഞ്ചുമക്കളെ ഡേകെയറില്‍ കൊണ്ടാക്കി പോകുന്നതുപോലെ മുതിര്‍ന്നവരെയും അവര്‍ക്കായി തുടങ്ങിയ വാസരം ഡേകെയറില്‍ കൊണ്ടാക്കാം. വൈകിട്ട് എത്തി വീട്ടിലേക്ക് മടക്കിക്കൊണ്ടു പോകാം. വാര്‍ധക്യത്തിലെ ഒറ്റപ്പെടലില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കുന്നതിനാണ് വാസരം എന്ന സ്ഥാപനം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത്.
കവടിയാര്‍ പണിറ്റ്‌കോളനിയില്‍ എ 50, എ ഉഷസ്സ് എന്ന കെട്ടിടത്തിലാണ് വാസരം പ്രവൃത്തികേന്ദ്രം സ്ഥിതിചെയ്യുന്നത്. റിട്ട. ഐഎഎസ് ഉദേ്യാഗസ്ഥ കെ.ബി. വത്സലകുമാരിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്ത്രീകളുടെ പ്രയത്‌നസാഫല്യമാണ് വാസരം. രാവിലെ 10 ന് വാസരം തുറക്കും. നിലവില്‍ വൈകിട്ട് 3.30 വരെയാണ് സമയപരിധി. ഗ്രീന്‍ തെറാപ്പി, മ്യൂസിക് തെറാപ്പി, മെമ്മറി ക്ലിനിക്ക് എന്നു വേണ്ട വിവിധതരം പ്രവര്‍ത്തന മേഖലകളും വാസരത്തില്‍ സുസജ്ജം. അറിയുന്ന പാട്ടുകള്‍ പാടാം, ആസ്വദിക്കാം. രാവിലെ പ്രാണായാമത്തോടെ ദിനാരംഭം. പിന്നാലെ ചിരി (ലാഫിംഗ്) യോഗ. പൊട്ടിച്ചിരിക്കാന്‍ മറന്നവരും കഴിയാതെ പോയവരും ഇവിടെയെത്തി മനസ്സ് നിറഞ്ഞു ചിരിക്കുന്നു. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്‌ക്കുന്നു. വാസരത്തിലെത്താന്‍ കഴിയാത്തവര്‍ക്കായി തത്കാലം കുടുംബശ്രീ ട്രാവല്‍സിന്റെ ഒരു വാഹനവും സജ്ജമാക്കിയിട്ടുണ്ട്. പരിചരിക്കാന്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമുണ്ട്. എന്തെങ്കിലും അസുഖമുണ്ടായാല്‍ പരിഹരിക്കാന്‍ സമീപത്തു തന്നെയുള്ള സാന്ത്വനം ആശുപത്രിയും സേവന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രായമാകുംതോറും ഉണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ സൈക്യാട്രിസ്റ്റിന്റെ സഹായവുമുണ്ട്. ബ്രെയിന്‍ ഗെയിം നല്‍കി ഓര്‍മ തിരികെ പിടിക്കാന്‍ അതു വഴി സാധിക്കും. വാസരത്തില്‍ എത്തുന്നവരെ സ്‌നേഹാദരങ്ങളോടെ പരിചരിക്കാന്‍ തയ്യാറായി സ്ഥാപനത്തിന്റെ പ്രസിഡന്റ് വത്സലകുമാരിക്കൊപ്പം വൈസ്പ്രസിഡന്റ് ശൈലജ ശരത് ഉള്‍പ്പെടെ ഒരു പിടിയാളുകളുമുണ്ട്. വാസരത്തിന്റെ ഉദ്ഘാടനം കവയത്രി സുഗതകുമാരി നിര്‍വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.എസ്. മായയും സംബന്ധിച്ചു.
















