വിളപ്പില്‍: വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ അനുവദിച്ച പോളിടെക്‌നിക്ക് കാണാനില്ല. കുന്നുംപുറം കുന്നന്‍പാറയിലെ 6.45 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണ് പോളിടെക്‌നിക്കിനായി പഞ്ചായത്ത് നീക്കിയിട്ടത്. ഇവിടെ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും ഇതേവരെ ഭൂമി പോലും സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടില്ല. നിര്‍ദിഷ്ട പോളിടെക്‌നിക്കിനായി മാറ്റിയിട്ടുള്ള പുറമ്പോക്ക് ഭൂമിയില്‍ ഏറിയപങ്കും ഇപ്പോള്‍ കയ്യേറ്റക്കാരുടെ കൈകളിലാണ്. ശേഷിക്കുന്നവ നിയമക്കുരുക്കിലും. കഴിഞ്ഞ സര്‍ക്കാര്‍ പോളിടെക്‌നിക്കിനായി അനുവദിച്ചുവെന്ന് അവകാശപ്പെടുന്ന മൂന്നു കോടി കാണാനില്ല. പോളിടെക്‌നിക് ഇനി വിളപ്പില്‍ശാലയില്‍ വരുമോ എന്ന ചോദ്യത്തിന് അധികൃതര്‍ക്കും വ്യക്തമായ മറുപടിയില്ല.
2014 ലാണ് സംസ്ഥാനത്ത് ആറിടങ്ങളില്‍ പുതിയ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനമുണ്ടായത്. മലപ്പുറം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളായിരുന്നു ഇതിനായി പരിഗണിച്ചത്. ഇതില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ പോളിടെക്‌നിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരും ആലപ്പുഴയിലെ ഹരിപ്പാടും നിലവിലുള്ള ടെക്‌നിക്കല്‍ സ്‌കൂളുകളെ പോളിടെക്‌നിക്കുകളായി ഉയര്‍ത്താനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ രണ്ടിടങ്ങളിലെയും പോളിടെക്‌നിക്കുകള്‍. ശേഷിച്ച കോഴിക്കോട്ടെ മുക്കത്തും തലസ്ഥാനത്തെ വിളപ്പില്‍ശാലയ്‌ക്കും അനുവദിച്ച പോളിടെക്‌നിക്കുകളുടെ നിര്‍മാണമാണ് അനന്തമായി നീളുന്നത്.
വിളപ്പില്‍ശാലയിലെ കുന്നംപാറയില്‍ പോളിടെക്‌നിക് സ്ഥാപിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പുറമ്പോക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. 6.45 ഏക്കര്‍ പുറമ്പോക്കില്‍ 45 സെന്റോളം പാറക്കൂട്ടവും പാറക്കുളവും അടങ്ങുന്നതാണ്. ഇതില്‍ അഞ്ച് ഏക്കറില്‍ പോളിടെക്‌നിക് സ്ഥാപിക്കാനാണ് നിശ്ചയിച്ചത്. നിര്‍മാണം ഏകോപിപ്പിക്കാന്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെ എച്ച്ഒഡി അലക്‌സ് ബഞ്ചമിനെ 2015 ല്‍ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചു. ഭൂമി അളന്നു തിരിക്കല്‍ ആരംഭിച്ചപ്പോള്‍ പുറമ്പോക്ക് കയ്യേറിയിരുന്നവര്‍ കോടതിയെ സമീപിച്ചു. നിയമക്കുരുക്കും നൂലാമാലകളും നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥലം എംഎല്‍എ, കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ സഹായം തേടി. പക്ഷേ ഒരിടത്തുനിന്നും പിന്തുണ ഉണ്ടായില്ല. വിളപ്പില്‍ പഞ്ചായത്ത് പോളിടെക്‌നിക്കിനായി ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കിയില്ല. സമീപത്തെ വസ്തുഉടമകള്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി ചുറ്റുമതില്‍ കെട്ടിയപ്പോഴും വസ്തു പ്ലോട്ടുകള്‍ തിരിച്ച് വിറ്റപ്പോഴും പഞ്ചായത്ത് ഭരണസമിതി മൗനം പാലിച്ചു. വറ്റാത്ത തെളിനീരുമായി പാറക്കുളവും കയ്യേറ്റക്കാരുടെ ഔദാര്യത്തില്‍ മിച്ചം വന്ന ഭൂമിയും ഇവിടെ കാടുമൂടി കിടക്കുന്നതൊഴിച്ചാല്‍ പോളിടെക്‌നിക് ഇന്നും വിദൂര സ്വപ്‌നം മാത്രമാണ്.
പോളിടെക്‌നിക്കിനായി മാറ്റിയിട്ടിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കിന് സമീപമുള്ള വസ്തു സ്വകാര്യവ്യക്തികള്‍ ചുറ്റുമതില്‍ കെട്ടി തിരിച്ചിരിക്കുന്നു
















