കോട്ടയം: ശബരിമല ലക്ഷ്യമാക്കി പോയവരില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാക്കളെ ജാമ്യത്തില്‍ വിട്ടു. പാലക്കാട് സ്വദേശികളായ നാല് യുവാക്കളെയാണ് വാഹന പരിശോധനക്കിടെ ഈരാറ്റുപേട്ട പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്ത ആറംഗ സംഘത്തില്‍ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ ഒരാളുടെ ബാഗില്‍ കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന ഈ വെടിയുണ്ടകള്‍ മാറ്റി വയ്‌ക്കാന്‍ മറന്ന് പോയെന്നാണ് യുവാക്കള്‍ നല്‍കിയ വിശദീകരണം.
പാലക്കാട് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുഴപ്പക്കാരല്ലെന്ന റിപ്പോര്‍ട്ടാണ് കിട്ടിയതെന്നും പോലീസ് പറഞ്ഞു.
മേലുകാവ് പോലീസ് ബൈക്കുകള്‍ക്ക് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെപോയി. ബൈക്കുകള്‍ക്ക് പിന്നാലെ പോലീസും പാഞ്ഞു. രണ്ട് ബൈക്കുകള്‍ പോലീസിന് മാര്‍ഗ്ഗതടസ്സമുണ്ടാക്കന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസുമായി ചേര്‍ന്ന് കളത്തൂക്കടവില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















