ഇടുക്കി: വനം വകുപ്പിന്റെ ഔദ്യോഗിക നോട്ടീസ് ബോര്‍ഡില്‍ സിപിഐയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ മടിച്ച് അധികൃതര്‍.
സിപിഐ ഭരിക്കുന്ന വനംവകുപ്പിന്റെ ദേവികുളത്തുള്ള മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലാണ് പ്രാദേശിക സമ്മേളനത്തിന്റെ പോസ്റ്റര്‍ പതിച്ചത്.
തമിഴിലും മലയാളത്തിലും എഴുതിയ അഞ്ച് പോസ്റ്ററുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ റോഡിന് അഭിമുഖമായിരിക്കുന്ന ചുറ്റുമതിലിലെ നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഇവ നീക്കം ചെയ്തു.
എന്നാല്‍ ഇത് പതിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനോ നഷ്ടപരിഹാരം ഈടാക്കാനോ അധികൃതര്‍ തയ്യാറായില്ല. ആരുമറിയാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നു. പോസ്റ്റര്‍ പതിച്ച സംഭവത്തിലെ പ്രതികരണം ആരാഞ്ഞപ്പോള്‍, ഒരു പോസ്റ്റര്‍ പതിച്ചിരുന്നുവെന്നും അത് നീക്കിയെന്നുമാണ് ഡിഎഫ്ഒ നരേന്ദ്ര ബാബു ജന്മഭൂമിയോട് പറഞ്ഞത്.
















