മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ബുധനാഴ്ച സര്‍വ്വീസ് നിര്‍ത്തിയതോടെ കൊച്ചി അഴിമുഖ കടത്ത് യാത്ര കഠിനമാകുന്നു. യാത്രാ ബോട്ട് പാപ്പിയും വിടവാങ്ങിയതോടെ അഴിമുഖത്ത് നഗരസഭയുടെ ഫോര്‍ട്ട് ക്യൂന്‍ ബോട്ട് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ബുധനാഴ്ച സന്ധ്യയോടെ സര്‍വ്വീസ് നിര്‍ത്തലാക്കണമെന്ന് നഗരസഭാധികൃതര്‍ ഇരുവര്‍ക്കും നോട്ടീസ് നല്കി.
വ്യാഴാഴ്ച രാവിലെ കിന്‍കോ ഏറ്റെടുത്ത ഫോര്‍ട്ട് ക്യൂന്‍ സര്‍വ്വീസ് തുടങ്ങി. 150 യാത്രക്കാര്‍ക്ക് യാത്രാ സൗകര്യമുള്ള ബോട്ടാണിത്. പ്രതിദിനം 500ല്‍ ഏറെ ഇരുചക്രവാഹനങ്ങളും 800 ല്‍ ഏറെ വാഹനങ്ങളും (ഓട്ടോ മുതല്‍ വലിയവണ്ടികള്‍ വരെ) അഴിമുഖത്ത് ജങ്കാര്‍വഴി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. ഒരേ സമയം രണ്ടു ജങ്കാറുകളും രണ്ട് ബോട്ടുകളും സര്‍വ്വീസ് നടത്തിയിരുന്ന കൊച്ചി അഴിമുഖത്ത് ഒരു ബോട്ട് മാത്രം സര്‍വ്വീസ് നടത്തുന്നത് യാത്രാ ദുരിതത്തിനിടയാക്കുമെന്ന് ജനകീയ സംഘടനകള്ചൂണ്ടിക്കാട്ടിയിരുന്നു.
തോപ്പുംപടി-ചെല്ലാനം ഹാര്ബറുകളിലെത്തുന്ന മത്സ്യ ബന്ധന ബോട്ടുകളിലെ മത്സ്യങ്ങള്‍ വൈപ്പിന്‍ ഞാറയ്ക്കല്‍ മേഖലകളിലെ സംസ്ക്കരണശാലകളിലേയ്ക്ക് ലോറികളില്‍ നീക്കിയിരുന്നത് ജങ്കാര്‍ വഴിയായിരുന്നു. ഒപ്പം ഐസ് അടക്കമുള്ളവ കൊച്ചിയിലേയ്ക്ക് നീക്കിയതും ഇത് വഴിയായിരുന്നു. ഇനിയിത് നഗരം ചുറ്റി ലക്ഷ്യസ്ഥാനത്തേയ്ക്ക് നീക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. സമയ, ധനനഷ്ടത്തിനും ഗതാഗതകുരുക്കിനും ഇത് ഇടയാക്കും. കാര്‍ണിവല്‍ പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന പൈതൃക കൊച്ചിക്കിത് ആഘോഷ പൊലിമയും കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: