അമയന്നൂര്‍: അമയന്നൂര്‍ കവലക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി പാടം നികത്തുന്നതായി പരാതി. അയര്‍ക്കുന്നം വില്ലേജില്‍ 310-5,310-6,310-7-ാം സര്‍വ്വേ നമ്പരിലുള്ള 27 ആര്‍ പാടമാണ് രാത്രികാലങ്ങളില്‍ മണ്ണിട്ടു നികത്തുന്നത്. വില്ലേജ് രജിസ്റ്ററില്‍ നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയാണ് അനധികൃതമായി നികത്തുന്നത്. രാത്രികാലങ്ങളില്‍ രണ്ടും മൂന്നും ലോഡ് മണ്ണു വീതമാണ് പാടത്ത് ഇറക്കുന്നത്. പാടത്ത് മണ്ണടിച്ചു തുടങ്ങിയതോടെ അയര്‍ക്കുന്നം-മണര്‍കാട് റൂട്ടില്‍ അമയന്നൂര്‍ കവലക്കു സമീപം വെള്ളം കെട്ടിക്കിടക്കുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു. നിലം നികത്തലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. നിലം നികത്തുന്നതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി പി.എസ്.ചന്ദ്രചൂഢന്‍ പറഞ്ഞു.
















