വിഴിഞ്ഞം: പതിവ് പോലെ വള്ളങ്ങള്‍ കടലിലേക്ക് കുതിക്കുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരികെ എത്തുന്ന വള്ളങ്ങളില്‍ കണ്ണും നട്ട് ഒരു പ്രദേശത്തെയാകെ ജനത. കഴിഞ്ഞ ബുധനാഴ്ചവരെ ഇവരുടെ പ്രതീക്ഷകള്‍ വള്ളം നിറയെ കൊണ്ടുവരുന്ന മത്സ്യമായിരുന്നെങ്കില്‍ ഇന്നത് കടലില്‍ അകപ്പെട്ട് കാണാതായവര്‍ വള്ളങ്ങളില്‍ ഉണ്ടോ എന്ന തെരച്ചില്‍. വള്ളങ്ങളിലേക്ക് ഓടിയെത്തുന്നവരുടെ മുഖത്ത് വീണ്ടും ദുഖത്തിന്റെ കരിനിഴല്‍. ഓരോ വള്ളവും തീരത്തടിയുമ്പോള്‍ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. തങ്ങള്‍ തേടിയ മുഖങ്ങള്‍ ഇല്ലെന്ന് അറിയുമ്പോള്‍ വീണ്ടും കൂട്ടക്കരച്ചില്‍. വിഴിഞ്ഞം ഹാര്‍ബര്‍ തീരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്ന കാഴ്ചയാണിത്. ചുഴിലിക്കൊടുങ്കാറ്റില്‍ സര്‍ക്കാരിന്റെ രക്ഷദൗത്യങ്ങളില്‍ വിശ്വാസം നഷ്ടടപ്പെട്ട തീരദേശ വാസികള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് കടലിലേക്ക് പോവുകയാണ് തങ്ങളുടെ ബന്ധുക്കളെ തേടി.
തീരത്തെ വീടുകളില്‍ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പട്ടിണിയുടെ നാളുകളില്‍ ചാകര കോളുമായി എത്തിയിരുന്നവര്‍ എവിടെ ഉണ്ടെന്ന് പോലും അറിയില്ല. പലരും വീടുകളിലേക്ക് തിരിഞ്ഞ് നോക്കിയിട്ട് ഒരാഴ്ചയാകുന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ അന്തിയുറങ്ങുന്നതാകട്ടെ ഷിപ്പ് ലാന്‍ഡിംഗ് സെന്ററിന് മുന്നിലെ പള്ളി അങ്കണത്തില്‍.
സമാശ്വസിപ്പിക്കാന്‍ എത്തുന്ന ബന്ധുകളുടെ വാക്കുകളിലെ പൊള്ളത്തരം ഇവര്‍ തിരിച്ചറിയുന്നുണ്ട് .ഇനി എന്ത് പ്രതീക്ഷയാണ് എന്ന് വാവിട്ട് നിലവിളിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി പറയാനാകാതെ വിഷമിക്കുകയാണ് പലരും.
















