വര്‍ക്കല : ഉദ്ഘാടനം കഴിഞ്ഞ് വര്‍ങ്ങളായിട്ടും പണിപൂര്‍ത്തിയാകാതെ പ്രവര്‍ത്തിക്കുകയാണ് വര്‍ക്കല താലൂക്ക് മിനി സിവില്‍ സ്‌റ്റേഷന്‍. 2014 ജനുവരി 15 നാണ് വര്‍ക്കലയ്‌ക്ക് താലൂക്ക് പദവി ലഭിച്ചതെങ്കിലും താലൂക്കിന് വേണ്ട ഓഫീസുകളൊന്നും തന്നെ വര്‍ക്കലയില്‍ കൊണ്ട് വരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, സര്‍വ്വേ ഓഫീസ് എന്നിവയാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍ടിഒ, താലൂക്ക് ഇന്‍ഡസ്ട്രിയല്‍, കയര്‍പ്രോജക്ട്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, താലൂക്ക് സ്റ്റാറ്റിക്കല്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലീഗല്‍ മെട്രോളജി, സെയില്‍ടാക്‌സ്, കോഓപ്പറേറ്റിവ് എആര്‍, ഡിവൈഎസ്പി ഓഫീസ്, ഫുഡ് സേഫ്റ്റി തുടങ്ങിയ നിരവധി ഓഫിസുകള്‍ ഇവിടെ വരാനുണ്ട്. താലൂക്കിലെ ഓഫീസുകളില്‍ പലതും ഇപ്പോഴും ആറ്റിങ്ങലിലാണ് പ്രവര്‍ത്തിക്കുന്നത്. ആറ്റിങ്ങലിലെ ഓഫീസുകള്‍ വിഭജിച്ച് വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ താലൂക്കിലെ ബുദ്ധിമുട്ടുകള്‍ പരിഹ രിക്കാന്‍ കഴിയും.
വര്‍ക്കല, ഇടവ, അയിരൂര്‍, ചെമ്മരുതി, പള്ളിക്കല്‍, നാവായിക്കുളം, മടവൂര്‍, കുടവൂര്‍, മണമ്പൂര്‍, കരവാരം, ഒറ്റൂര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍ വില്ലേജുകളാണ് വര്‍ക്കല താലൂക്കില്‍ ഉള്ളത്. രണ്ട് നിലകളിലായി എട്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള മുറികളാണ് ഇവിടെ ഉള്ളത്. ഇവയിലെല്ലാം ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പുതിയ ഓഫീസുകള്‍ വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജോയിന്റ് ആര്‍ടിഒ ഓഫീസ് വര്‍ക്കലയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും അത് നടപ്പിലാക്കിയില്ല. നിലവിലെ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം ഒരു സര്‍ക്കാര്‍ ഓഫീസു പോലും വര്‍ക്കലയില്‍ അനുവദിച്ചില്ല. വര്‍ക്കല കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മിനി സിവില്‍സ്‌റ്റേഷന്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റ് സര്‍ക്കാര്‍ ഓഫീസുകളും വര്‍ക്കലയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
















