അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പരാതി നല്‍കിയിട്ടും അന്വേഷണവും നടപടിയുമെടുക്കാതെ അധികൃതര്‍. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതായാണ് ആക്ഷേപം.
ഉച്ചഭക്ഷണം കൂടാതെ പാല്‍, മുട്ട, വിറക്, അരി, പച്ചക്കറി തുടങ്ങിയവ വാങ്ങുന്നതിലും വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും ആരോപണമുയരുന്നു. പാവപ്പെട്ട കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ കൈയിട്ടുവാരുന്നതിനെതിരെ തെളിവുകളുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് അധികൃതരും വിദ്യഭ്യാസ വകുപ്പും.
സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ താഴ്ചയില്‍ നസീറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആലപ്പുഴ ജില്ലാ വിജിലന്‍സ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായും തെളിഞ്ഞിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും കേസ് രജിസ്ടര്‍ ചെയ്യാനുമുള്ള അനുമതിക്കായി വിജിലന്‍സ് ഡിവൈഎസ്പി ജൂണ്‍ 22ന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടിയെങ്കിലും യാതൊരു പുനരന്വേഷണവും നടത്താതെ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യാനാണ് വിജിലന്‍സ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ താഴ്ചയില്‍ നസീര്‍.
















