കോട്ടയം: ക്രിസ്തുമസ്-പുതുവത്സര ആഘോഷം ലക്ഷ്യമാക്കി മദ്യലോബി വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നു. വ്യാജമദ്യ നിര്‍മ്മാണം ഉദ്ദേശിച്ചാണ് സ്പിരിറ്റ് എത്തിക്കുന്നതെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം കുറവിലങ്ങാട് റേഞ്ചില്‍പ്പെട്ട കള്ള് ഷാപ്പില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചിരുന്നു. എന്നാല്‍ വലിയ അളവില്‍ ജില്ലയുടെ പല ഭാഗങ്ങളിലായി സംഭരിച്ച സ്പിരിറ്റിനെക്കുറിച്ച് തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് തയ്യാറായിട്ടില്ല. സ്പിരിറ്റ് സംഭരിക്കുന്നതായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കള്ളിന്റെ ഉല്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. പനങ്കള്ള് ചെത്തി ഉപജീവനം നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാലക്കാട് നിന്ന് കള്ള് വരുന്നുണ്ടെങ്കിലും ഇതും ഷാപ്പുകളില്‍ തികയുന്നില്ല. ദിവസവും 50,000 ലിറ്റര്‍ കള്ള് വരുന്നുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ ഒന്നിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ലിറ്റര്‍ കള്ള് ആവശ്യമാണ്. ബാറുകള്‍ തുറന്നെങ്കിലും മദ്യത്തിന് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇതെല്ലാം മുതലെടുത്താണ് മദ്യലോബി വന്‍ തോതില്‍ സ്പിരിറ്റ് എത്തിക്കുന്നത്.
ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളയില്‍ മദ്യത്തിന്റെ ആവശ്യകത ഉയരും. ഇത് മറികടക്കുന്നതിനായി വ്യാജമദ്യം ഒഴുക്കാനാണ് മദ്യലോബിയുടെ നീക്കം. കര്‍ണ്ണാടകയില്‍ നിന്നും തേനി , കമ്പം വഴി തമിഴ് നാട്ടില്‍ നിന്നും സ്പിരിറ്റ് എത്തുന്നുണ്ട്. പച്ചക്കറി നിറച്ച ലോറികളാണ് സ്്പിരിറ്റ് കടത്തുന്നതിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കിയതോടെ എക്‌സൈസിന്റെ പരിശോധനയും പേരില്‍ മാത്രമായി.
ഇപ്പോള്‍ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം അപര്യാപ്തമാണ്. പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം 8.1 ശതമാനം കടന്നാല്‍ എക്‌സൈസ് കേസെടുക്കും. മൂന്ന് മുതല്‍ 8.1 ശതാമാനം വരെയാണ് കള്ളില്‍ ആല്‍ക്കഹോളിന്റെ അനുവദനീയമായ അളവ്. സാമ്പിള്‍ എടുത്ത് അയച്ചാല്‍ ആഴ്കള്‍ കഴിഞ്ഞാണ് പരിശോധന ഫലം ലഭിക്കുന്നത്. ഇത് ലഭിക്കുമ്പോഴേയ്‌ക്കും കള്ള് വിറ്റ് തീരും. മുമ്പ് എക്‌സൈസ് സഞ്ചരിച്ച ലാബ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സഞ്ചരിക്കുന്ന ലാബ് തുടങ്ങിയത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ലാബ് കട്ടപ്പുറത്തായി.
















