കോട്ടയം: അക്ഷരനഗരിയില്‍നിന്ന് 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആലപ്പുഴയിലെത്തുന്ന പുതിയ റോഡ് ചര്‍ച്ചയാകുന്നു.
ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്് പഠന പ്രക്രിയയുടെ ഭാഗമായി പുതിയ റോഡ് വിഭാവനം ചെയ്തത്. ചിന്മയ സ്‌കൂളില്‍ ജന്മഭൂമിയും സയന്‍സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ഈ റോഡിന്റെ അവതരണമുണ്ടായി. കുട്ടനാട്ടിലെ അതി വിദൂരമായ ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി കൂട്ടിയിണക്കാന്‍ സാധിക്കും. ഇതിലൂടെ ഈ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയുടെ കുതിപ്പിനും റോഡ് സഹായിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ കോട്ടയം-ആലപ്പുഴ 49 കിലോ മീറ്ററാണ്. അതാണ് 28 കിലോമീറ്ററായി കുറയുന്നത്. ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നമിതനായരും അലീന എബ്രഹാമും ചേര്‍ന്നാണ് ശാസ്‌ത്രോത്സവത്തില്‍ റോഡിന്റെ അവതരണം നടത്തിയത്. പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഇതിന്റെ വിവരശേഖരണം നടത്തിയത്. ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ഈ ആശയത്തെ അനുമോദിച്ചു. ഈ പ്രോജക്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രോജക്ടിന്റെ പകര്‍പ്പുകള്‍ പ്രൊഫ. പി.ജെ. കുര്യനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്കും കൈമാറി.
കോടിമത ഹബ്ബില്‍ നിന്ന് ആരംഭിച്ച് ആലപ്പുഴ മുല്ലയ്‌ക്കലില്‍ അവസാനിക്കുന്ന തരത്തിലാണ് റോഡ് വിഭാവനം ചെയ്്തിരിക്കുന്നത്. നെല്‍പ്പാടങ്ങളുടെ സമീപത്ത് കൂടി കായലുകള്‍ക്കും നദികള്‍ക്കും കുറുകേ ഒന്‍പത് പാലങ്ങളും റോഡിനായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്‌ക്കുന്നു. കോടിമത-പള്ളം-ആര്‍ ബ്ലോക്ക്-എച്ച് ബ്ലോക്ക്, മാര്‍ത്താണ്ഡം കായല്‍ വഴിയാണ് റൂട്ട്.
100 കോടി രൂപയാണ് റോഡിന്റെ നിര്‍മ്മാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്. കായലിന്റെ നടുക്കുളള തുറസ്സായ സ്ഥലത്ത് ബയോ ഗ്യാസ് പ്ലാന്റ് വേണമെന്ന നിര്‍ദ്ദേശമുണ്ട്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദനവും അത് ഉപയോഗിച്ച് തെരുവ് വിളക്കുകള്‍ കത്തിക്കണമെന്ന നിര്‍ദ്ദേശവും കുട്ടികള്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ബയോ ഗ്യാസ് പ്ലാന്റില്‍ നിന്നുള്ള വേയ്സ്റ്റ് വളമായി നെല്‍പ്പാടങ്ങളില്‍ ഉപയോഗിക്കാമെന്ന നിര്‍ദ്ദേശവും ഉണ്ട്. റോഡിന്റെ നിര്‍മ്മാണത്തിനായി വിനിയോഗിക്കപ്പെടുന്ന പണം ടോള്‍ വഴി തിരിച്ചെടുക്കാന്‍ കഴിയുമെന്നും കുട്ടികള്‍ പറയുന്നു.
















