ഇരിട്ടി: എടക്കാനത്ത് വീടിനുമുന്നിലെ റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. ഇരിട്ടി ടൗണിലെ ഓട്ടോത്തൊഴിലാളിയും ബിജെപി പ്രവര്‍ത്തകനുമായ എടക്കാനം ചേളത്തൂരിലെ പുത്തന്‍കണ്ടത്തില്‍ രതീശന്റെ കെഎല്‍ 59 ഇ 9683 നമ്പര്‍ ഓട്ടോറിക്ഷയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ പൂര്‍ണ്ണമായും കത്തിനശിച്ചത്.
ജോലി കഴിഞ്ഞ് സന്ധ്യക്ക് 6 മണിയോടെ വീട്ടിലെത്തിയ രതീശന്‍ വീടിന് മുന്നിലെ റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. രാത്രി 11 മണിയോടെ വീട്ടിലെ ലൈറ്റുകള്‍ ഓഫാക്കി ഉറങ്ങാന്‍ കിടന്ന് 10 മിനുട്ടിന് ശേഷമാണ് ഓട്ടോറിക്ഷ ആളിക്കത്തിയത്. ജനലിനുള്ളിലൂടെ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ ആളിക്കത്തുന്നതായി കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തുമ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
യാതൊരുവിധ സംഘര്‍ഷമോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്ത മേഖലയാണ് ഇത്. യാതൊരുവിധ വിരോധമോ തര്‍ക്കങ്ങളോ നിലനില്‍ക്കുന്നില്ലെന്നും രതീഷ് പറഞ്ഞു. ബിജെപി ജില്ലാകമ്മിറ്റിയംഗം രാമദാസ് എടക്കാനം, നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രതീശന്‍ ഇരിട്ടി എസ്‌ഐ സഞ്ജയ്‌കുമാറിന് പരാതി നല്‍കി. ഓട്ടോക്കൊപ്പം ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന രതീശന്റെ റേഷന്‍ കാര്‍ഡും പൂര്‍ണ്ണമായും കത്തിനശിച്ചു.
















