തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് കനത്ത കൃഷിനാശം ഉണ്ടായി. വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും കൃഷിയിടങ്ങള്‍ നികന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കൃഷി പുനരാരംഭിക്കുന്നതിന് കാലതാമസം നേരിടും. ഈ ദുരിത സാഹചര്യത്തില്‍ എല്ലാ കര്‍ഷകകുടുംബങ്ങള്‍ക്കും സൗജന്യറേഷനും മറ്റടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ അനില്‍ വൈദ്യമംഗലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
















