അപകട മേഖലയായ മുടുമ്പിനട റോഡിലെ കൊടും വളവ് സുരക്ഷാവലയങ്ങള്‍ ഇല്ലാതെ കാട് പിടിച്ച അവസ്ഥയില്‍
പോത്തന്‍കോട്: അപകടങ്ങള്‍ നിത്യസംഭവമാകുന്ന നന്നാട്ടുകാവ്-ചാത്തന്‍പാട് റേഡില്‍ സുരക്ഷ ഒരുക്കാതെ അധികൃതര്‍. അപകട സാധ്യത കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. അമാറുകുഴി, മുടുമ്പില്‍നട പ്രദേശങ്ങളിലാണ് അപകടങ്ങളുടെ എണ്ണം കൂടുന്നത്. റോഡിന്റെ ഒരുവശത്ത് കുഴിയായിട്ടും അധികൃതര്‍ വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലന്നാണ് അക്ഷേപം.
രാത്രികാലങ്ങളില്‍ പ്രദേശത്തെ തെരുവുവിളക്കുകളുടെ വെളിച്ചം കുറവായതിനാല്‍ മുടുമ്പിനട വളവില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. റോഡിന് വശത്തെ തോടിന് സമീപം സംരക്ഷണവലയം ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണം. റോഡിന് വശങ്ങളിലെ ഭീമന്‍മരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.
റോഡിന്റെ വശങ്ങളില്‍ റിഫ്‌ളക്ട് ബോര്‍ഡുകളോ സുരക്ഷാ ബോര്‍ഡുകളോ വയ്‌ക്കാത്തതും അധികൃതരുടെ വീഴ്ചയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചില ഭാഗങ്ങളില്‍ ഒരടി പൊക്കത്തില്‍ കുറ്റികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാടുപിടിച്ച് കിടക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ക്ക് കാണാന്‍ കഴിയില്ല.
എന്നാല്‍ റോഡിന്റെ സുരക്ഷയ്‌ക്കായി പഞ്ചായത്തധികൃതരോ വാര്‍ഡ് മെംബറോ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















