കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലേറ്റം കൊച്ചിയില്‍ ജീവനെടുത്തു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ രണ്ടുപേരാണ് ഇന്നലെ മരിച്ചത്. ചെല്ലാനം, എടവനക്കാട്, എന്നിവിടങ്ങളില്‍ കടലിന്റെ കലി അടങ്ങിയില്ല. 1500 ഓളം കുടുംബങ്ങളിലെ അയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്തത് ദുരിത ബാധിതര്‍ക്ക് ദുരിതമായി.
ലക്ഷദ്വീപിലും ചുഴലിക്കാറ്റ് ദുരിതം വിതച്ചതോടെ കപ്പല്‍ ഗതാഗതവും അനിശ്ചിതത്വത്തിലായി. കൊല്ലത്ത് നിന്ന് വ്യാഴാഴ്ച മത്സ്യ ബന്ധനത്തിന് പോയ ശ്രീദേവി വള്ളത്തിലുള്ളവര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ കൊച്ചിയിലെത്തി. തീരമേഖലയില്‍ 369 വീടുകള്‍ ഭാഗികമായും അഞ്ചുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 75 നാടന്‍ വള്ളങ്ങള്‍ ഭാഗികമായിതകര്‍ന്നു. 200 വലകള്‍ നഷ്ടപ്പെട്ടു. തിങ്കളാഴ്ചവരെ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശവും നല്കി. എടവനക്കാട് ഗവണ്മെന്റ് യുപി സ്കൂള്‍, ചെല്ലാനം സെന്റ് മേരീസ് എച്ച്എസ്എസ്, ചെല്ലാനം പുത്തന്‍തോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെല്ലാനം സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് പാരിഷ് ഹാള്‍, ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാള്‍, നായരമ്പലം ദേവിവിലാസം സ്കൂള്‍, ഞാറയ്ക്കല്‍ ഗവണ്മെന്റ് ഫിഷറീസ് സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.
എടവനക്കാട് ക്യാമ്പില്‍ 38 കുടുംബങ്ങളിലെ 164 പേരും ചെല്ലാനം സെന്റ് മേരീസില്‍ 403 കുടുംബങ്ങളിലെ 1200 പേരുമാണുള്ളത്. പുത്തന്‍തോട് ഗവണ്മെന്റ് എച്ച്എസ്എസില്‍ 131 കുടുംബങ്ങളിലെ 494 പേരും സെന്റ് ഫ്രാന്‍സിസ് പാരിഷ് ഹാളില്‍ 200 കുടുംബങ്ങളിലെ 800 പേരും നായരമ്പലം ദേവിവിലാസം സ്കൂളില്‍ 421 കുടുംബങ്ങളിലായി 1846 പേരുമാണുള്ളത്. ഞാറയ്ക്കല്‍ ഗവണ്മെന്റ് ഫിഷറീസ് സ്കൂളില്‍ 42 കുടുംബങ്ങളിലെ 110 അംഗങ്ങളാണുള്ളത്. ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ 19 കുടുംബങ്ങളിലെ 60 അംഗങ്ങള്‍ ഉണ്ട്. ക്യാമ്പുകളില്‍ സൗജന്യഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ഉണ്ടായിരിക്കും എന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിസംബര്‍ ഒന്നിന് 22 പേരെയും ഡിസംബര്‍ രണ്ടിന് 26 മത്സ്യബന്ധനതൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. നാലുപേരെ പറവൂര്‍ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെല്ലാം ഇതര ജില്ലക്കാരാണ്. കൊല്ലം തിരുവനന്തപുരം നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വാഹനസൗകര്യമടക്കമുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. എല്ലാ താലൂക്ക് ഓഫീസുകളും തീരപ്രദേശത്തുള്ള വില്ലേജ് ഓഫീസുകളും രാത്രിയിലും പ്രവര്‍ത്തിക്കും. ക്യാമ്പുകളുടെ പരിസരത്തും തീരപ്രദേശത്തും രാത്രിയില്‍ പോലീസ് പട്രോളിങ് ഉണ്ടായിരിക്കും.
ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധനയാനങ്ങളോ ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലോ ഹാര്‍ബറുകളിലോ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ കൊച്ചിയ്ക്കു സമീപം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: