നെടുമങ്ങാട്: ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഉപജില്ലാ കലോത്സവത്തിന് താത്കാലികമായി നിര്‍മിച്ച പ്രധാനവേദി ഇന്നലെ ശക്തമായമഴയിലും കാറ്റിലും നിലംപൊത്തി. ഉച്ചയ്‌ക്കുശേഷം വേദിയില്‍ കലാപരിപാടികളൊന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രകൃതിക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍പാടില്ലെന്ന കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ നിന്ന് വിട്ടിരുന്നു. കലോത്സവത്തിന്റെ സമാപനദിവസമായതിനാല്‍ മത്സരാര്‍ഥികളും സംഘാടകരും മാത്രമാണ് ഉണ്ടായിരുന്നത്. വേദിയില്‍ മഴവെള്ളം കെട്ടി നിന്നതിനാല്‍ സമാപനച്ചടങ്ങ് ടൗണ്‍ഹാളിലേക്ക് മാറ്റിയിരുന്നു. സ്റ്റേജിനു പുറകില്‍ കെട്ടിയിരുന്ന വലിയ ടാര്‍പ്പോളിന്‍ ഷീറ്റില്‍ ശക്തമായ കാറ്റടിച്ചതാണ് വേദി തകരാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. കാറ്റടിച്ചപ്പോള്‍ മുതല്‍ ടാര്‍പ്പോളിന്‍ ബലൂണ്‍വീര്‍ക്കുന്നതുപോലെ വീര്‍ക്കുകയും ആ സമയം കമ്പികള്‍ ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന് വേദി ചരിയാന്‍ തുടങ്ങുകയും ചെയ്തു. ഉടനെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റാനുള്ള ശ്രമത്തിനിടയിലാണ് വേദി നിലംപതിച്ചത്.
















