ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ഇന്ന് ഡൈനാമോസും നോര്‍ത്ത് ഈസ്റ്റും കളത്തില്‍. ഡൈനാമോസ് രണ്ടാം വിജയം ലക്ഷ്യമിടുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ ജയത്തിനാണ് മൈതാനത്തിറങ്ങുന്നത്.
ദല്‍ഹി രണ്ട് കളികളില്‍ ഒരു തോല്‍വിയും ഒരു ജയവും നേടി. ആദ്യ മത്സരത്തില്‍ പൂനെ സിറ്റി എഫ്സിയെ 3-2ന് തകര്‍ത്തപ്പോള്‍ രണ്ടാം കളിയില്‍ ബെംഗളൂരു എഫ്സിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഡൈനാമോസിന്റെ പരാജയം. പ്രതിരോധത്തിലെ പാളിച്ചകളാണ് ഡൈനാമോസിന് തിരിച്ചടിയായത്. ഭേദപ്പെട്ട മധ്യ-മുന്നേറ്റനിരകളുണ്ടെങ്കിലും പ്രീതം കോട്ടലും പ്രതിക് ചൗധരിയും സെന റാള്‍ട്ടെയും ഉള്‍പ്പെടുന്ന പ്രതിരോധം പരാജയമായി. ഈ പിഴവുകള്‍ പരിഹരിച്ചില്ലെങ്കില്‍ അതിവേഗഫുട്ബോള് കളിക്കുന്ന നോര്‍ത്ത് ഈസ്റ്റിനെതിരെയും പിടിച്ചുനില്ക്കാന് ഡൈനാമോസിന് ഏറെ പണിപ്പെടേണ്ടിവരും.
അതേസമയം നോര്‍ത്ത് ഈസ്റ്റ് ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ രണ്ടാം കളിയില്‍ ചെന്നൈയിന് എഫ്സിയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റു. രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റുമായി ഏറ്റവും പിന്നിലാണ് നോര്‍ത്ത് ഇൗസ്റ്റ്. എന്നാല്‍ പന്തടക്കത്തില്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യബോധമില്ലാത്തതാണ് വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ക്ക് തിരിച്ചടിയാകുന്നത്. എങ്കിലും ആദ്യ ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റും തിരിച്ചുവരവിന് ഡൈനാമോസും ഇറങ്ങുമ്പോള്‍ മത്സരം ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: