ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പൂര്‍ എഫ്‌സിക്ക് മൂന്നാം മത്സരത്തിലും ഗോളില്ലാ സമനില. കഴിഞ്ഞ മത്സരങ്ങൡ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ അവര്‍ ഇന്നലെ എടികെയോടും ഇതേ രീതിയില്‍ പിരിഞ്ഞു.
ജംഷഡ്പൂര്‍ എഫ്‌സി 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. ഫാറൂഖ് ചൗധരിയെ ഏക സ്‌ട്രൈക്കറായി ഇറക്കിയപ്പോള്‍ ജെറി സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും ഇടത്തും വലത്തുമായി സമീഗ് ദ്യൂതിയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും കളത്തിലെത്തി. എടികെ 4-1-4-1 ശൈലിയിലാണ് താരങ്ങളെ മൈതാനത്ത് വിന്യസിച്ചത്. ഇന്ത്യന്‍ താരം റോബിന്‍ സിങിനെ സ്‌ട്രൈക്കറായി കളിപ്പിച്ചു.
കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും ശക്തിദൗര്‍ബല്യങ്ങള്‍ അളക്കാനാണ് ശ്രമിച്ചത്. എങ്കിലും നേരിയ മുന്‍തൂക്കം എടികെയ്‌ക്കായിരുന്നു. കളി പലപ്പോഴുമ മധ്യനിരയില്‍ ഒതുങ്ങിയതോടെ ശരാശരി നിലവാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇരു ടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയതും ആവേശം കുറച്ചു. ആദ്യപകുതിയുടെ പകുതി സമയം പിന്നിട്ടശേഷമാണ് കളി അല്പമെങ്കിലും ആവേശത്തിലായത്. 32-ാം മിനിറ്റില്‍ എടികെ മികച്ചൊരു നീക്കത്തിനൊടുവില്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 40-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ജെറിക്ക് ലഭിച്ച നല്ലൊരു അവസരം മുതലാക്കാനും കഴിഞ്ഞില്ല. 44-ാം മിനിറ്റില്‍ പരിക്കേറ്റ യൂജിന്‍സെന്‍ ലിങ്‌ദോയെ പിന്‍വലിച്ച് എടികെ റൂപര്‍ട്ട് നോന്‍ഗ്രമിനെ കളത്തിലെത്തിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ എടികെ മുന്നിലെത്തിയെന്ന് തോന്നിച്ചെങ്കിലും ജംഷഡ്പൂര്‍ എഫ്‌സി ഗോളി സുബ്രതാപാലിന്റെ മിന്നുന്ന പ്രകടനം രക്ഷയായി. തുടര്‍ന്ന് ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ഡിസംബര്‍ ആറിന് ദല്‍ഹി ഡൈനാമോസുമായാണ് ജംഷഡ്പൂരിന്റെ അടുത്ത കളി. 7ന് ചെന്നൈയിന്‍ എഫ്‌സിയുമായി എടികെ പോരടിക്കും.
















